ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും നാട്ടില്‍ മോദിയുടെ വര്‍ഗീയത ഏശില്ല: കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Saturday, January 24, 2026

ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും നാടായ കേരളത്തില്‍ വന്ന് വര്‍ഗീയത മാത്രം വിളമ്പാന്‍ ശ്രമിക്കുന്നത് പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടാണെന്നും ഉത്തര്‍പ്രദേശിലും ബീഹാറിലും പറയുന്ന കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നതിന് മുന്‍പ് അദ്ദേഹം കേരളത്തിന്റെ ചരിത്രം പഠിക്കാന്‍ തയ്യാറാകണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് അയ്യപ്പഭക്തര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയ, അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ തീയണക്കാന്‍ ഓടിയെത്തിയ പാണക്കാട് തങ്ങളുടെ പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ ചരിത്രമെങ്കിലും അദ്ദേഹം മനസ്സിലാക്കേണ്ടതായിരുന്നു. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് കേരളം കൃത്യമായ മറുപടി നല്‍കും. മതസൗഹാര്‍ദ്ദത്തിന്റെ ഈ മണ്ണില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.