ചികിത്സാ പിഴവില്‍ കേരളം ‘നമ്പര്‍ വണ്‍’; ആരോഗ്യമേഖല കഴിവുകേടിന്റെ പര്യായമെന്ന് കെ.സി. വേണുഗോപാല്‍

Jaihind News Bureau
Thursday, February 19, 2026

 

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് കെ.സി. വേണുഗോപാല്‍ എംപി. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം പല കാര്യങ്ങളിലും ഒന്നാമതാണെന്ന് അവകാശപ്പെടുമ്പോഴും, യഥാര്‍ത്ഥത്തില്‍ ചികിത്സാ പിഴവുകളുടെ കാര്യത്തിലാണ് സംസ്ഥാനം ഇപ്പോള്‍ ‘നമ്പര്‍ വണ്‍’ ആയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് കഴിഞ്ഞ അഞ്ചു വര്‍ഷമായി അനുഭവിച്ച വേദന വിവരണാതീതമാണെന്ന് എംപി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം നിരന്തരം വയറുവേദന അനുഭവപ്പെട്ട് ചികിത്സ തേടിയിട്ടും അത് കണ്ടെത്താന്‍ കഴിയാത്തത് ആരോഗ്യവകുപ്പിന്റെ വലിയ അലംഭാവമാണ്. വീണ്ടും മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ ഉഷയെ ആവശ്യമായ പരിശോധനകള്‍ നടത്താതെ, മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യമേഖല ഇന്ന് കഴിവുകേടിന്റെ പര്യായമായി മാറിയിരിക്കുകയാണ്. ഈ ദുരവസ്ഥയ്ക്കാണ് അടിയന്തരമായി ചികിത്സ വേണ്ടത്. ഇത് സംവിധാനത്തിന്റെ മാത്രം തകരാറല്ല, മറിച്ച് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെയും സര്‍ക്കാരിന്റെയും പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി.

ബാധിതയായ ഉഷാ ജോസഫിനെ ഫോണില്‍ വിളിച്ച് സംസാരിച്ച എംപി, അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.