എതിരാളികളെ നിലംപരിശാക്കുന്ന സ്മാഷ്; വോളിബോള്‍ കോർട്ടിലും കളം നിറഞ്ഞ് കെ.സി. വേണുഗോപാല്‍

Jaihind Webdesk
Saturday, April 13, 2024

 

ആലപ്പുഴ: മാരാരിക്കുളം ഉദയകുമാർ മെമ്മോറിയൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ കെ.സി. വേണുഗോപാലിന്‍റെ ഉള്ളിൽ ഒരുപിടി സ്മാഷുകളുടെ ഓർമ്മകൾ ഓടിയെത്തിയിട്ടുണ്ടാവും. കലാലയ ജീവിതത്തിൽ മികച്ച വോളിബോൾ താരമായിരുന്ന കെസി, കാലിക്കറ്റ് സർവകലാശാലയുടെ മിന്നും താരമായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മാരാരിക്കുളത്ത് ജില്ലാതല വോളിബോൾ ടൂർണമെന്‍റ് നടക്കുന്ന വിവരം കെ.സി. വേണുഗോപാല്‍ അറിയുന്നത്. ഉടൻ തന്നെ കെസി വോളിബോൾ കോർട്ട് ലക്ഷ്യമാക്കി എത്തുകയായിരുന്നു. താരങ്ങൾക്കൊപ്പം സെർവ് ചെയ്തും ലിഫ്റ്റ് ചെയ്തുമെല്ലാം കെസി തന്‍റെ ഓർമ്മകൾ പുതുക്കി.

രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾക്ക് ഇടയിൽ തളരാതെ ഓടാനുള്ള പ്രചോദനം പണ്ട് കായിക താരം ആയിരുന്നപ്പോൾ തന്നെ നേടിയെടുത്തതാണ് കെ.സി. വേണുഗോപാല്‍. അവസാന നിമിഷം വരെ വിജയത്തിനായി കൈ മെയ് മറന്ന് കളിച്ചിരുന്ന ആ പഴയ വോളിബോൾ താരത്തിന്‍റെ അതേ വീറും വാശിയോടുമാണ് കെ.സി. വേണുഗോപാല്‍ കോർട്ടില്‍ കളം നിറഞ്ഞത്. ആലപ്പുഴയുടെ തിരഞ്ഞെടുപ്പ് കോർട്ടിലും കെസി തൊടുക്കുന്ന സ്മാഷ് എതിരാളികളെ നിലംപരിശാക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.