അന്‍വർ അപമാനിച്ചത് രാജീവ് ഗാന്ധിയെ; അധിക്ഷേപിക്കാന്‍ ലൈസന്‍സ് നല്‍കുന്നത് മുഖ്യമന്ത്രി, ഡിഎൻഎ പരിശോധിക്കണമെന്ന പരാമർശത്തില്‍ പ്രതികരിച്ച് കെ.സി.വേണുഗോപാല്‍

Jaihind Webdesk
Tuesday, April 23, 2024

ആലപ്പുഴ: രാഹുല്‍ഗാന്ധിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാല്‍. അന്‍വറിന്‍റെ പരാമർശം ഞെട്ടിക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍.  രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ അപമാനിച്ചതെന്ന് കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

കേരള  നിയമസഭയിലെ എംഎല്‍എയാണ് പി.വി.അന്‍വർ. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവ‍ര്‍ അപമാനിച്ചതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇത് പറയുന്നത്  ഒരു എംഎല്‍എയാണെന്നതാണ് ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട പ്രസ്താവനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുളള ലൈസന്‍സ് കൊടുക്കുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവന്‍ അര്‍പ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി. അതിനോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അന്‍വറിന്‍റെ പ്രതികരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഇതിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.