ഇടക്കാല ബജറ്റ്; സാധാരണക്കാരെ പുറന്തള്ളുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് കെ.സി.വേണുഗോപാല്‍

Jaihind Webdesk
Thursday, February 1, 2024

രാജ്യത്തെ സാധാരണക്കാരെ പുറന്തള്ളുന്ന വെറും തിരഞ്ഞെടുപ്പ് പ്രകടന പത്രിക മാത്രമായി ഇടക്കാല ബജറ്റ് മാറിയെന്നത് നിരാശാജനകമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വെറും വാചോടാപം മാത്രമാണ് ധനമന്ത്രി നടത്തിയത്. ബി.ജെ.പിയുടെ പ്രകടന പത്രികയുടെ പകര്‍പ്പ് വായന മാത്രമാണ് പാര്‍ലമെന്‍റില്‍ നടന്നത്.  ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റില്‍ പറഞ്ഞ പല കാര്യങ്ങളും മുന്‍ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ നിന്ന് കോപ്പിയടിച്ചതാണ് എന്നത് പരിതാപകരമാണ്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും ബജറ്റിലില്ല.  വിവിധ പദ്ധതികള്‍ക്കായുള്ള കേന്ദ്രവിഹിതത്തില്‍ കാര്യമായ വര്‍ധനവുണ്ടായില്ല. പെട്രോളിയം ഉത്പന്നങ്ങളിലൂടെ സമാഹരിച്ച നികുതിപ്പണം എങ്ങനെ വിനിയോഗിച്ചെന്ന് പോലും മന്ത്രി വ്യക്തമാക്കിയില്ല.  പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അമിത നികുതിയില്‍ ഇളവ് പ്രഖ്യാപിക്കാന്‍ പോലും കേന്ദ്രം തയ്യാറായില്ല. തൊഴിലില്ലായ്മ രൂക്ഷമാണെന്ന് നിരവധി റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും അതിനെ മറികടക്കാനുള്ള ഒരു നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കാന്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്.

ജനം വിലവര്‍ധനവില്‍ നട്ടം തിരിയുമ്പോള്‍ വിലക്കയറ്റം നിയന്ത്രിച്ചെന്ന ധനമന്ത്രിയുടെ അവകാശവാദം പരിഹാസ്യമെന്നല്ലാതെ എന്ത് പറയാനാണ്. മോദി സര്‍ക്കാരിന്‍റെ അഴിമതി ചൂണ്ടിക്കാട്ടിയ സി.എ.ജി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയവരാണ് അഴിമതി മുക്തമെന്ന വാദഗതി ഉയര്‍ത്തുന്നത്. കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്‌കരിച്ച പി.എം കിസാന്‍ യോജനയുടെ ആനുകൂല്യം കാര്യമായി വര്‍ധിപ്പിക്കാത്തത് കര്‍ഷകരെ നിരാശപ്പെടുത്തി. രാജ്യത്ത് വര്‍ധിപ്പിക്കുന്ന സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. തൊഴിലുറപ്പ് പദ്ധതി വിഹിതത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാമമാത്ര വര്‍ധനവ് കൊണ്ടുവന്നെങ്കിലും അത് പദ്ധതിച്ചിലവുമായി കണക്കാക്കുമ്പോള്‍ വളരെ കുറവാണ്. ആത്മീയതയെ രാഷ്ട്രീയവത്കരിച്ച് നേട്ടമുണ്ടാക്കാനുള്ള വ്യഗ്രതയാണ് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ മുഴച്ചുനിന്നത്.

മാത്രമല്ല, കേരളത്തിന് ഇത്തവണയും സമ്പൂര്‍ണ്ണ നിരാശ ബജറ്റാണ് കേന്ദ്രത്തിന്റേത്. റബ്ബര്‍ കര്‍ഷകരുടെ കണ്ണീര്‍ തുടയ്ക്കുന്ന നടപടികളൊന്നും പ്രഖ്യാപിച്ചില്ല. ആരോഗ്യ മേഖല ഉള്‍പ്പെടെ പൊതുമേഖലയക്ക് കാര്യമായ വിഹിതം നല്‍കിയില്ല. ഇങ്ങനെ അടിമുടി നിരാശയും ജനദ്രോഹവും പ്രകടനവും നിറഞ്ഞുനില്‍ക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. ഇതിന് ജനം തിരഞ്ഞെടുപ്പില്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.