
റാന്നി: കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ ജനവികാരമാണ് നിലനില്‍ക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. റാന്നി നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പഴകുളം മധുവിന്റെ പ്രചാരണാര്‍ത്ഥം പേരൂര്‍ച്ചാലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ശക്തമായ മത്സരമാണെന്ന രീതിയില്‍ പല സര്‍വ്വേകളും പ്രചരിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ സര്‍വ്വേയില്‍ യു.ഡി.എഫ് ബഹുദൂരം മുന്നിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘മൂന്നാം പിണറായി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. കോടികള്‍ മുടക്കി പി.ആര്‍ വര്‍ക്കിലൂടെ സ്വയം പുകഴ്ത്തുന്ന മുഖ്യമന്ത്രിയുടെ പതനം ഉടനുണ്ടാകും,’ കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട അഴിമതികളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ അര്‍ഹമായ സ്ഥാനങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് പി.കെ. മോഹന്‍രാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എം.പി, എ.ഐ.സി.സി നിരീക്ഷകന്‍ അജയ് സിംഗ് എം.എല്‍.എ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. വന്‍ ജനപങ്കാളിത്തമാണ് സമ്മേളനത്തില്‍ ദൃശ്യമായത്.