രോഗനിയന്ത്രണത്തിന് വകയിരുത്തിയ പണംപോലും വിനിയോഗിച്ചില്ല ; കൊവിഡിന്‍റെ പ്രഹരശേഷി വര്‍ധിക്കാന്‍ കാരണം മോദി സര്‍ക്കാരിന്‍റെ പരാജയം : കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Monday, April 19, 2021

 

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണത്തിന് വകയിരുത്തിയ പണംപോലും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാത്ത മോദി സര്‍ക്കാരിന്‍റെ പരാജയമാണ് രോഗത്തിന്‍റെ പ്രഹരശേഷി വര്‍ധിക്കാന്‍ കാരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. 50 കോടി ആളുകൾക്ക് വാക്സിൻ നൽകാൻ 35000 കോടി രൂപ ബഡ്ജറ്റിലൂടെ നീക്കിവെച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ലക്ഷ്യപ്രാപ്തിയുടെ അടുത്തെങ്ങും എത്തിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട  മുന്നറിയിപ്പുകൾ ലഭിച്ചിട്ടും വാക്‌സിൻ വിതരണം സുഗമമാക്കാനും, ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ശ്രമിക്കാതെ അങ്ങേയറ്റം വിലപ്പെട്ട സമയമാണ് കേന്ദ്ര സർക്കാർ പാഴാക്കി കളഞ്ഞത്. കൊവിഡ് കീഴടക്കിയ ഉറ്റവരെ സംസ്കരിക്കാൻ ശ്മശാനങ്ങൾക്കു പുറത്ത് ജനങ്ങൾ തിങ്ങിക്കൂടുമ്പോൾ, തന്റെ തിരഞ്ഞെടുപ്പ് റാലിയിൽ എല്ലാ വിധ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി തിങ്ങിക്കൂടിയ ആൾക്കൂട്ടത്തെ കണ്ട് ആഹ്ളാദഭരിതനാകുന്നൊരു പ്രധാനമന്ത്രിയെയാണ് രാജ്യം കാണുന്നത്.

ലോകമൊന്നടങ്കം ഈ മഹാമാരിയെ കൃത്യമായ ആസൂത്രണത്തോടും വിശദമായ പദ്ധതികളോടും, ജനകീയ പങ്കാളിത്തത്തോടും കൂടെ നേരിടുമ്പോൾ യാതൊരു വിധ ദീർഘവീക്ഷണമോ കാഴ്ചപ്പാടോ ഇല്ലാതെ അമ്പേ പരാജയപ്പെട്ടു പോയ ഒരു സർക്കാരാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

 രാജ്യ വ്യാപകമായി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് കോവിഡ് വ്യാപനം. ദിനംപ്രതി രണ്ടേമുക്കാൽ ലക്ഷത്തിലധികം കേസുകളും ആയിരക്കണക്കിന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. വളരെ നേരത്തെ തന്നെ ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ ലഭിച്ചിട്ടും വാക്‌സിൻ വിതരണം സുഗമമാക്കാനും, ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ശ്രമിക്കാതെ അങ്ങേയറ്റം വിലപ്പെട്ട സമയമാണ് കേന്ദ്ര സർക്കാർ പാഴാക്കി കളഞ്ഞത്. കോവിഡ് കീഴടക്കിയ ഉറ്റവരെ സംസ്കരിക്കാൻ ശ്മശാനങ്ങൾക്കു പുറത്ത് ജനങ്ങൾ തിങ്ങിക്കൂടുമ്പോൾ, തന്റെ തിരഞ്ഞെടുപ്പ് റാലിയിൽ എല്ലാ വിധ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി തിങ്ങിക്കൂടിയ ആൾക്കൂട്ടത്തെ കണ്ട് ആഹ്ളാദഭരിതനാകുന്നൊരു പ്രധാനമന്ത്രിയെയാണ് രാജ്യം കാണുന്നത് . ലോകമൊന്നടങ്കം ഈ മഹാമാരിയെ കൃത്യമായ ആസൂത്രണത്തോടും വിശദമായ പദ്ധതികളോടും, ജനകീയ പങ്കാളിത്തത്തോടും കൂടെ നേരിടുമ്പോൾ യാതൊരു വിധ ദീർഘവീക്ഷണമോ കാഴ്ചപ്പാടോ ഇല്ലാതെ അമ്പേ പരാജയപ്പെട്ടു പോയ ഒരു സർക്കാരാണ് ഇവിടെയുള്ളത്.
പോയ വർഷം കോവിഡ് വ്യാപനമാരംഭിച്ചതിനു ശേഷം ഒട്ടേറെ തവണ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുകയും, പിഎം കെയർ ഫണ്ടിൽ കോടിക്കണക്കിനു രൂപ വന്നു ചേരുകയും ചെയ്തിട്ടും അതൊന്നും ഫലപ്രദമായി വിനിയോഗിക്കാൻ കേന്ദ്ര സർക്കാറിനായിട്ടില്ല. 50 കോടി ആളുകൾക്ക് വാക്സിൻ നൽകാൻ 35000 കോടി രൂപ ബഡ്ജറ്റിലൂടെ നീക്കിവെച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ലക്ഷ്യപ്രാപ്തിയുടെ അടുത്തെങ്ങും എത്തിയിട്ടില്ല. വെന്റിലേറ്ററുകൾ വാങ്ങാൻ പിഎം കെയർ ഫണ്ടിൽ നിന്നും 3100 കോടി നീക്കി വെച്ചെന്നാണ് കണക്കുകൾ. ഇതിലൂടെ ചിലയിടങ്ങളിൽ കിട്ടിയതാവട്ടെ ഒന്നോ രണ്ടോ മണിക്കൂർ പ്രവർത്തിച്ചാൽ തന്നെ പണിമുടക്കുന്ന ഗുണനിലവാരമില്ലാത്ത നാലാംകിട വെന്റിലേറ്ററുകൾ. മറ്റിടങ്ങളിൽ ഇതു പോലും കിട്ടിയില്ല. ഡൽഹിയിലും ഗുജറാത്തിലും യുപിയിലും ഉൾപ്പെടെ കൂട്ടമരണങ്ങളാണ് ഓക്‌സിജൻ ലഭ്യത കുറവുമൂലം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആശുപത്രികളിലിടം കിട്ടാതെ രോഗികൾ നെട്ടോട്ടമോടുകയാണ്.
കോവിഡിന്റെ രണ്ടാംവരവിനെ നേരിടാൻ രാജ്യത്തെ സജ്ജമാക്കുന്നതിന് പകരം പുതുച്ചേരിയിലുൾപ്പെടെ ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാനും, മറ്റിടങ്ങളിൽ ഏതു വിധേനയും ഭരണം പിടിക്കാനും രാജ്യവ്യാപകമായി തങ്ങളുടെ സങ്കുചിത രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുമാണ് മോഡി സർക്കാർ ഈ കാലയളവിൽ മുൻകൈയെടുത്തത്.
വാക്‌സിൻ വിതരണവും, അവശ്യ ജീവൻ രക്ഷാ മരുന്നുകളും സംസ്ഥാന സർക്കാരുകളുടെ ആവശ്യത്തിന് പോലും ലഭ്യമാക്കാതെ മുഴുവൻ ഫെഡറൽ തത്വങ്ങളും കാറ്റിൽ പറത്തി ജനങ്ങളുടെ ജീവൻ ഓരോ നിമിഷവും അപകടത്തിലാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഒരിടവേളയിൽ കോവിഡ് വ്യാപനം മന്ദഗതിയിലായപ്പോഴും ആ സുവർണാവസരം ഉപയോഗിച്ചു കൊണ്ട് ജനങ്ങളെ വേണ്ട വിധം ബോധവൽക്കരിക്കാനോ, വാക്‌സിൻ ഉത്പാദനം ദ്രുതഗതിയിലാക്കാനോ സർക്കാർ നടപടി എടുത്തില്ല. മറിച്ച് ഉള്ള വാക്സിൻ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് മുൻകൈയെടുത്തത്. കോവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളിലും ജനസംഖ്യാനുപാതികമായോ, കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ചോ ഇപ്പോഴും വാക്‌സിൻ ലഭ്യമല്ല. ഈ അടിയന്തര സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിച്ച വാക്‌സിനുകൾ മാനദണ്ഡങ്ങൾക്കനുസൃതമായി രാജ്യത്തു ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ശ്രീ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനോട് അദ്ദേഹത്തെ പുച്ഛിച്ചുതള്ളിക്കൊണ്ടാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.
ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുന്ന ഈ സാഹചര്യത്തിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ചെറിയ ആസൂത്രണ പിഴവുകൾ പോലും വൻ ദുരന്തത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുക. ഈ സാഹചര്യത്തിൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ ഉറപ്പു വരുത്താനും, വാക്‌സിൻ വിതരണം കൂടുതൽ വ്യാപിപ്പിക്കാനും കൃത്യമായ പദ്ധതികൾ കേന്ദ്ര സർക്കാർ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്.
ആദരണീയായ കോൺഗ്രസ് അധ്യക്ഷയും, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും, മുൻ കോൺഗ്രസ് അധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധിയും വളരെ പ്രാധാന്യമർഹിക്കുന്ന നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. പ്രയാസമനുഭവിക്കുന്നവർക്ക്‌ സഹായം എത്തിക്കാനും, അവശ്യ സേവനങ്ങൾ ഉറപ്പു വരുത്താനും മുഴുവൻ സംസ്ഥാന കോൺഗ്രസ്‌ ഘടകങ്ങളോടും എത്രയും പെട്ടെന്ന് കോവിഡ് കണ്ട്രോൾ റൂം തുറക്കാനും, ഹെല്പ് ലൈൻ സംവിധാനം ഏർപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും, ആരോഗ്യ പ്രവർത്തകരെയും, പൊതു ജനങ്ങളെയും ഒരുപോലെ വിശ്വാസത്തിലെടുത്തു കൊണ്ട് കൂട്ടായ ഒരു ഉദ്യമത്തിലൂടെ മാത്രമേ ഈ മഹാമാരിയെ തടഞ്ഞു നിർത്താനാവൂ. ദീർഘവീക്ഷണമില്ലാത്ത ഇടുങ്ങിയ ചിന്താഗതികൾ അപകടത്തിലാക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും ജീവനാണ്.

 

https://www.facebook.com/kcvenugopalaicc/photos/a.413138495475351/3757849154337585/