കെ.എസ്.യു പ്രവർത്തകർക്കെതിരായ ക്രൂരമർദ്ദനം : സർക്കാരിന്‍റെ ധാർഷ്ട്യമെന്ന് കെ.സി.വേണുഗോപാൽ

Jaihind News Bureau
Friday, February 19, 2021

 

തിരുവനന്തപുരം :  സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അതിക്രൂരമായ പൊലീസ് ലാത്തിച്ചാർജ്ജ് ഒരു തരത്തിലും നീതികരിക്കാനാവാത്തതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.

പെണ്‍കുട്ടികളുള്‍പ്പെടെ സമര രംഗത്തുള്ള കെ.എസ്.യു പ്രവർത്തകരെ അടിച്ചൊതുക്കുന്ന പൊലീസ് സിപിഎമ്മിന്‍റെ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയത്. പിൻവാതിൽ നിയമനങ്ങൾക്കെതിരേയും പി.എസ്.സിയെ നോക്കുകുത്തിയാക്കി നടക്കുന്ന സ്ഥിരപ്പെടുത്തലുകൾക്കെതിരെയും യൂത്ത് കോൺഗ്രസും കെ.എസ്.യുവും നടത്തുന്ന പ്രക്ഷേഭങ്ങൾക്ക് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയുണ്ട്. അതു മനസ്സിലാക്കാതെ സമരക്കാരെ കയ്യൂക്കു കൊണ്ട് നേരിടാൻ ശ്രമിക്കുന്ന പിണറായി സര്‍ക്കാറിന്‍റെ അനിവാര്യമായ പതനത്തിന് വേഗം കൂട്ടാൻ മാത്രമേ ഇത്തരം മർദ്ദനമുറകൾക്ക് സാധിക്കുകയുള്ളൂവെന്നും വേണുഗോപാൽ പറഞ്ഞു.

ഡല്‍ഹിയില്‍ പ്രക്ഷോഭരംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവര്‍, തിരുവനന്തപുരത്ത് അവകാശ സമരം നടത്തുന്നവരെ അപഹസിക്കുകയും അടിച്ചൊതുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കൊടിയ മർദ്ദനം നടത്തിയ പൊലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി പ്രക്ഷോഭത്തിനു പിന്നിൽ ഗൂഡാലോചന ആരോപിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എം.പി പറഞ്ഞു.

പ്രക്ഷോഭകരുടെ യഥാര്‍ത്ഥ ആവശ്യം എന്തെന്ന് മനസ്സിലാക്കാനോ, അവരെ കേള്‍ക്കാനോ മുഖ്യമന്ത്രി പോലും തയ്യാറാവുന്നില്ല. പകരം, യുവജന-വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടത്തെ ദുരപയോഗം ചെയ്യുന്ന ഇടതു സർക്കാരിന്‍റെ  ജനവിരുദ്ധതക്ക് ജനങ്ങൾ അതേ നാണയത്തിൽ മറുപടി നൽകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.