‘കേന്ദ്ര മന്ത്രി നടത്തിയത് പൊള്ളയായ പ്രസ്താവനയെങ്കില്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ നല്‍കണം’- കെ.സി വേണുഗോപാല്‍ എം പി.

Jaihind News Bureau
Thursday, December 4, 2025

പിഎംശ്രീയില്‍ ഇല്ലാത്ത കാര്യമാണ് ബ്രിട്ടാസിനെതിരെ കേന്ദ്ര മന്ത്രി നടത്തിയതെങ്കില്‍ ധര്‍മ്മേന്ദ്ര പ്രധാനെതിരെ അവകാശ ലംഘന നോട്ടീസ് ബ്രിട്ടാസ് നല്‍കാത്തത് എന്ത് കൊണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം പി. തെറ്റായ പരാമര്‍ശം ആണ് നടത്തിയതെങ്കില്‍ അതിനെതിരെ ബ്രിട്ടാസ് എന്ത് കൊണ്ട് പ്രതികരിച്ചില്ല. സഭയില്‍ അദ്ദേഹം ഉള്ളപ്പോള്‍ ആണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ആ സമയത്ത് സഭയില്‍ ഉണ്ടായിരുന്നിട്ടും ബ്രിട്ടാസ് പ്രതികരിച്ചില്ല. ധര്‍മ്മേന്ദ്ര പ്രധാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബ്രിട്ടാസ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. തന്റെ ആര്‍എസ്എസ് വിരുദ്ധ നിലപാട് കെ എസ് യു കാലം മുതല്‍ ഉള്ളതാണെന്നും കെ സി വേണുഗോപാല്‍ എംപി കണ്ണൂരില്‍ പറഞ്ഞു.

പിഎംശ്രീയില്‍ ഇടനിലക്കാരനായത് ജോണ്‍ ബ്രിട്ടാസ് ആണെന്ന് ഇന്നലെ പാര്‍ലമെന്റില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയിരുന്നു. സിപിഎം-ബിജെപി മുന്നണികള്‍ക്കിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് ആണെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ പാര്‍ലമെന്റില്‍ ഈ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോല്‍ മൗനമായിരിക്കുകയും പിന്നീട് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന ശരിയാണെന്ന് ബ്രിട്ടാസ് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രതിപക്ഷം ആവര്‍ത്തിച്ച് പറയുന്ന ബിജെപി-സിപിഎം ഡീലുകള്‍ സത്യമാണെന്ന് വ്യക്തമാവുകയാണ്.