പ്രിയങ്ക ഗാന്ധിയുടേത് ബിജെപിക്കും സംഘപരിവാറിനുമുള്ള ശക്തമായ മറുപടി; സിപിഎമ്മിന്‍റെ വ്യാജപ്രചാരണം ജനരോഷത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍: കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Wednesday, August 5, 2020

 

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരായ സിപിഎമ്മിന്‍റെ  വ്യാജപ്രചരണം ജനരോഷത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നത് തന്നെയാണ് സിപിഎം നിലപാടും. അതേ സിപിഎം തന്നെയാണ് കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമന് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന ബിജെപിക്കും സംഘപരിവാറിനും ഉള്ള സന്ദേശമാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന. രാജ്യത്തെ എല്ലാപേരെയും ഒന്നുപോലെ കാണാനും സാഹോദര്യത്തോടെയും സ്‌നേഹത്തോടെയും ജീവിക്കാനും വിദ്വേഷവും പകയുടേയും അന്തരീക്ഷമില്ലാത്തതുമാണ് രാമന്‍ വിഭാവന ചെയ്യുന്ന രാജ്യം. എല്ലാവരേയും സ്‌നേഹത്തോടെ കണ്ട് വിശ്വാസങ്ങളെ ബഹുമാനിച്ച് മുന്നോട്ടുപോകുന്ന രാജ്യമായി ഇന്ത്യ മാറാന്‍ ഈ പ്രവര്‍ത്തനം ഉപകരിക്കട്ടെയെന്ന ആശംസയാണ് പ്രിയങ്ക ഗാന്ധി നല്‍കിയത്. ഹിന്ദു ധർമ്മത്തിന്‍റെ പവിത്രതയെ തകർത്തെറിയുന്ന ബിജെപിക്കും സംഘപരിവാറിനുമുള്ള ശക്തമായ മറുപടിയാണിത്. ഇത് മനസ്സിലാക്കാതെയാണ് സിപിഎമ്മിന്‍റെ വ്യാജപ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യ വിഷയത്തില്‍ നീതിപീഠത്തിന്‍റെ തീരുമാനത്തിനൊപ്പമാണ് കോണ്‍ഗ്രസ്. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഒരു കള്ളക്കളിയും നടത്തുന്നില്ല. കോടതി വിധിയെ അംഗീകരിക്കുമെന്നത് കോണ്‍ഗ്രസ് വര്‍ഷങ്ങളായി കൈക്കൊണ്ട തീരുമാനമാണ്. രാജ്യത്തെ മതേതരത്വത്തെ സംരക്ഷിക്കാനും എല്ലാ ജനങ്ങളേയും ഒന്നുപോലെ കാണാനാഗ്രഹിക്കുന്നതുമാണ് കോണ്‍ഗ്രസ് നിലപാട്. കോടതി വിധിയുടെ ഭാഗമായാണ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. അതിന്‍റെ ഭാഗമായാണ് ഇന്നത്തെ ഭൂമിപൂജയും.

കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിക്ക് സൗകര്യമൊരുക്കികൊടുക്കുകയാണ് സിപിഎം. സംഘപരിവാറിനു മുന്നില്‍ നല്ലപിള്ള ചമയാന്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിർത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിന്‍റെ യഥാർത്ഥ നിറം വെളിച്ചെത്തുവരുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.