കൊവിഡ് സാമ്പത്തിക പാക്കേജെന്ന പേരിൽ സ്വകാര്യവൽക്കരണ അജണ്ടകൾ അടിച്ചേൽപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു: കെ സി വേണുഗോപാൽ

Jaihind News Bureau
Saturday, May 16, 2020

 

കൊവിഡ് സാമ്പത്തിക പാക്കേജെന്ന പേരിൽ തങ്ങളുടെ സ്വകാര്യവൽക്കരണ അജണ്ടകൾ അടിച്ചേൽപ്പിച്ചു കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. ആത്‌മ നിർഭർ ഭാരതെന്ന പേരിൽ രാജ്യത്തിൻറെ സാമ്പത്തിക മേഖലയുടെ ആത്മാവിനെ തന്നെ വിറ്റു തുലക്കുകയാണ് കേന്ദ്ര സർക്കാർ. കൊവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ രാജ്യവ്യാപക അടച്ചിടലിനു മുമ്പ് തന്നെ തെറ്റായ സർക്കാർ നയങ്ങൾ മൂലം തൊഴിൽ നഷ്ടവും, സാമ്പത്തിക മേഖലകളിലെ തകർച്ച കാരണമായും വൻ സാമ്പത്തിക പ്രതിസന്ധിയായിരുന്നു രാജ്യം അഭിമുഖീകരിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി ഈ തകർച്ചയുടെ ആക്കം വർദ്ധിപ്പിക്കുകയും, എല്ലാ തരം സാമ്പത്തിക മേഖലകളെയും ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും, ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാനുമുള്ള നടപടികളാണ് രാജ്യം പ്രതീക്ഷിച്ചത്. എന്നാൽ ഇതിനുപകരം കോവിഡ് ഭീഷണിയുടെ മറവിൽ തങ്ങളുടെ നിക്ഷിപ്‌ത താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

തൊഴിൽ നഷ്ടപ്പെട്ടു ദുരിതത്തിലായിപ്പോയ അതിഥി തൊഴിലാളികൾ കാൽനടയായി നടന്നും, സുരക്ഷിതമല്ലാത്ത യാത്രാമാർഗങ്ങൾ തേടിയത് മൂലവും ദിനംപ്രതി മരിച്ചു വീഴുകയാണ്. സ്വദേശത്തേക്കു മടങ്ങിയെത്തിയവർ അതിജീവനത്തിനായി അലയുകയാണ്. കോടിക്കണക്കായ തൊഴിലാളികൾക്കും, കർഷകർക്കും സഹായം എത്തിക്കുന്നതിന് പകരം എല്ലാം വിറ്റുതുലച്ചു കോർപറേറ്റുകളെ സഹായിക്കാനുള്ള നടപടികളാണ് സാമ്പത്തിക പാക്കേജുകളെന്ന പേരിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. വിമാനത്താവളങ്ങൾ ലേലത്തിൽ വെച്ചും, കൽക്കരി ഖനനം സ്വകാര്യ മേഖലക്ക് വിട്ടു നൽകിയും, തന്ത്ര പ്രധാനമായ പ്രതിരോധ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിച്ചും തങ്ങളുടെ ഇഷ്ട തോഴരായ കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ കൂടുതൽ അവസരം ഒരുക്കികൊടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.

ഈ സുപ്രധാനമായ സാമ്പത്തിക നടപടികൾ പാർലമെന്റിനെ പോലും മറികടന്നു സാമ്പത്തിക പാക്കേജെന്ന പേരിൽ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. കോവിഡിന് മറവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതു മേഖല സ്ഥാപനങ്ങളെപോലും സ്വകാര്യമേഖലക്കു വിറ്റൊഴിക്കാനുള്ള മുൻതീരുമാനങ്ങൾ കൂടുതൽ തീവ്രമായി നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സഹായവും, കാർഷിക ചെറുകിട വ്യവസായ മേഖലക്ക് കൂടുതൽ സാമ്പത്തിക സഹായങ്ങളും നൽകുന്നതിന് പകരം കുത്തക മുതലാളിമാരെ പ്രീതിപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് മോഡി സർക്കാറെന്നും വേണുഗോപാൽ പറഞ്ഞു.