ആരോപണം തെളിയിയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുന്നുവെന്ന് കെ സി വേണുഗോപാൽ

Jaihind News Bureau
Thursday, July 9, 2020

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരെ രക്ഷിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി എന്ത് അസംബന്ധവും വിളിച്ചുപറയുന്ന തരത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവും തരംതാണു പോകരുത്. ഇങ്ങനെല്ലാം വിളിച്ചുപറയാൻ ആരാണ് ഗോപാലകൃഷ്ണനെ പ്രേരിപ്പിക്കുന്നത്? നാക്കിന് എല്ലില്ലാ എന്നുകരുതി എന്തും പറയാമെന്നു കരുതരുത്. ആരോപണം വാസ്തവ വിരുദ്ധമാണെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ യഥാർഥ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ് തനിക്കെതിരേ ഉയർത്തിയിരിക്കുന്ന ആരോപണം. ഈ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും വേണു ഗോപാൽ പറഞ്ഞു.

മന്ത്രിയായിരുന്ന കാലത്ത് ആ വകുപ്പുകൾക്ക് കീഴിൽ നടന്ന എല്ലാ കാര്യങ്ങൾക്കും താൻ ഉത്തരവാദിയാണെന്നു പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും വേണുഗോപാൽ ചോദിച്ചു. സാറ്റ്സ്, എയർ ഇന്ത്യയുമായി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാറുള്ള സ്വകാര്യ കമ്പനിയാണ് . അവരുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ ഇടപെട്ടു എന്ന് പറയുന്നത് ശുദ്ധ മര്യാദകേടാണെന്നും വേണുഗോപാൽ പറഞ്ഞു.  ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ. വാസ്തവ രഹിതമായ ഈ ആരോപണം പറയുന്നതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്നു മനസിലാകുന്നില്ല. ഉദ്ദേശം എന്തായാലും അത് പുറത്തുവരണം. ഒന്നുകിൽ മാധ്യമ ശ്രദ്ധകിട്ടാൻ അല്ലെങ്കിൽ ആരെയോ രക്ഷപ്പെടുത്താനാണ് ഈ കല്ലുവെച്ച നുണ പറയുന്നത്.

യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഇത്തരം ആരോപണങ്ങൾ വിളിച്ചു പറയുന്നവർക്ക് ആ ആരോപണം തെളിയിക്കാനും ബാധ്യതയുണ്ട്. ആരോപണം തെളിയിയിക്കാൻ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു. നിഗൂഢ ലക്ഷ്യം വെച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ നിയമപരമായി നേരിടും.