അധികാര ദുർവിനിയോഗത്തിലൂടെ ബിജെപി ഭരണഘടന അട്ടിമറിക്കുന്നു : കെ.സി വേണുഗോപാൽ

Jaihind News Bureau
Monday, July 27, 2020

KC-Venugopal

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണത്തിന്‍റെ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും, ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്‌തും അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ രാജ് ഭവനുകളിലേക്ക് നടന്ന മാർച്ചുകൾക്ക് പിസിസി അദ്ധ്യക്ഷന്മാർ നേതൃത്വം നൽകി.

അധികാരം ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിലൂടെ ബിജെപി ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാജ്യം കൊവിഡ് വ്യാധിയുടെ പിടിയിൽ അമർന്നിരിക്കുകയും സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ, സർക്കാറുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് -19 കാലഘട്ടത്തിലാണ് മധ്യപ്രദേശിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിനെ ബി.ജെ.പി അട്ടിമറിച്ചതെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അതിന് സമാനമായി ഇപ്പോൾ കാര്യക്ഷമമായി പ്രതിരോധ നടപടികൾ കൈകാര്യം ചെയ്തതിന് ലോകമെമ്പാടും അംഗീകാരങ്ങൾ നേടിയ ഒരു മാതൃകാ സർക്കാരിനെ താഴെയിറക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാൻ ഗവർണറുടെ നടപടികൾ അത്ഭുതപ്പെടുത്തുന്നതാണെന്നും അതുകൊണ്ടാണ് ഈ ഭരണഘടനയുടെ ലംഘനങ്ങളിലേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനും അതിന്‍റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുവാനും വേണ്ടി രാജ്യവ്യാപകമായി രാജ്ഭവനുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

പിസിസി അദ്ധ്യക്ഷൻമാരുടെയും പാർട്ടി നേതാക്കളുടെയും നേതൃത്വത്തിൽ വിവിധ രാജ് ഭവനുകളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ ബഹുജന പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ലഖ്‌നൗ, അഹമ്മദാബാദ്, മുംബൈ, റാഞ്ചി, ഗുവാഹത്തി, സിംല, പഞ്ചകുള തുടങ്ങി നിരവധി സംസ്ഥാന തലസ്ഥാനങ്ങളിൽ രാജ് ഭവന് മുന്നിൽ പ്രതിഷേധം നടന്നു. പലയിടത്തും രാജ്ഭവന് മുന്നില്‍ ധർണയും നടന്നു. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചായിരുന്നു പ്രതിഷേധം നടന്നത്. സംസ്ഥാന മന്ത്രിസഭ ആവശ്യപ്പെട്ടത് പോലെ ഗവർണർ രാജസ്ഥാൻ അസംബ്ലി വിളിക്കണമെന്നായിരുന്നു ധർണയില്‍ പങ്കെടുത്തവരുടെ ആവശ്യം. ദില്ലി, യുപി, ഗുജറാത്ത് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പിസിസി പ്രസിഡന്‍റുമാരും പാർട്ടി പ്രവർത്തകരും അറസ്‌റ്റ് വരിച്ചു.

ഗവർണറുടെ ഓഫീസ്, ഇലക്ഷൻ കമ്മീഷൻ, സിബിഐ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, ആദായനികുതി തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളുടെ തകർച്ചയെ ഉയർത്തിക്കാട്ടുന്ന ഒരു ഓൺലൈൻ കാമ്പെയ്‌നിലൂടെ ഇന്നലെ ആരംഭിച്ച “സ്പീക്ക് അപ്പ് ഫോർ ഡെമോക്രസി” പ്രതിഷേധ പരിപാടിക്ക് പിന്നാലെയാണ് ഇന്നത്തെ പ്രതിഷേധം സംഘടിപ്പിച്ചത്.