സാമ്പത്തിക തകര്‍ച്ച : പുതുക്കിയ ബജറ്റ് അവതരിപ്പിക്കണം – കെ.സി.ജോസഫ് എം.എല്‍.എ.

Jaihind News Bureau
Monday, May 18, 2020

KC-Joseph

കൊവിഡ് മൂലം ഉണ്ടായ സാമ്പത്തിക രംഗത്തെ പ്രത്യേക സ്ഥിതിവിശേഷം കണക്കിലെടുത്ത് പുതുക്കിയ ബജറ്റ് അവരിപ്പിക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ തിരക്കിട്ട് സഭാ നടപടിക്രമങ്ങള്‍ ഗിലറ്റിന്‍ ചെയ്ത് സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത 2020-21 ലെ ബജറ്റില്‍ റവന്യു വരുമാനം 114635.9 കോടി രൂപയും ചെലവ് 1,29,837.37 കോടി രൂപയുമാണ്. ഈ സാമ്പത്തിക വര്‍ഷം അധികനികുതി വരുമാനമായി 1103 കോടി രൂപയും ധനമന്ത്രി പ്രതീക്ഷിച്ചിരുന്നു. റവന്യു കമ്മി 1.55 ശതമാനം കുറഞ്ഞാണ് ബജറ്റില്‍ കണക്കാക്കിയിട്ടുള്ളത്.

ഈ കണക്കുകളെല്ലാം നിലവിലെ സാഹചര്യങ്ങളില്‍ അയഥാര്‍ത്ഥവും അപ്രയോഗികവുമാണ്. ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ നിവൃത്തിയില്ലാതെ നിര്‍ബന്ധിതമായി സാലറി കട്ട് ഏര്‍പ്പെടുത്തേണ്ടിവന്ന കാലയളവാണിത്.

ഗവണ്‍മെന്‍റിന്‍റെ വിലയിരുത്തല്‍ അനുസരിച്ച് തന്നെ കൊവിഡ് വ്യാപനം മൂലം 35000 കോടി രൂപയുടെ വരുമാനനഷ്ടം കേരളത്തിനുണ്ടകും. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി 3 ശതമാനത്തില്‍ നിന്നും 5 ശതമാനം ആക്കിയതുകൊണ്ട് ഭരണസ്തംഭനം ഒഴിവാക്കാന്‍ കഴിയുമെന്ന ധനമന്തി ഡോ: തോമസ് ഐസക്കിന്‍റെ പ്രസ്താവന സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. വായ്പ പരിധി വര്‍ദ്ധനവ് കൊണ്ട് ലഭിക്കുന്ന 18000 കോടി രൂപ കൊണ്ട് ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ കഴിയും. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച പലവികസന പദ്ധതികളും ഗണ്യമായ തോതില്‍ വെട്ടികുറക്കേണ്ടിവരും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കേണ്ട പദ്ധതി വിഹിതത്തിന്‍റെ അവസാനത്തെ ഇന്‍സ്റ്റാള്‍മെന്‍റ് നല്‍കിയില്ലെന്നു മാത്രമല്ല കുടിശികയായ ബില്ലുകള്‍ പോലും പൂര്‍ണ്ണമായി നല്‍കിയിട്ടില്ല. മാര്‍ച്ച് 31-ന് മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി ഡിപിസി അംഗീകരിച്ച മുഴുവന്‍ പദ്ധതികളും പൊളിച്ചെഴുതേണ്ടി വരും. ലോക് ഡൗണ്‍ മൂലം അതിന് കഴിയാത്ത സ്ഥിതിവിശേഷവും ഉണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റചട്ടം വന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്ന ആശ്വാസത്തിലാണെന്ന് തോന്നുന്നു സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്.

നിയമസഭ പാസ്സാക്കിയ ബജറ്റ് ഏതാണ്ട് ലാപ്സായ സാഹചര്യമാണ് ഇന്നുള്ളതെന്നും അതിനാല്‍ പുതുക്കിയ ബജറ്റുമായി നിയമസഭയെ സമീപിക്കാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമാണെന്നും കെ.സി.ജോസഫ് പറഞ്ഞു.