വിവാദങ്ങള്‍ മാത്രം സൃഷ്ടിച്ച് മുന്നേറുന്ന നവകേരളസദസ്; സംസ്ഥാനം ഭരണസ്തംഭനത്തിന്റെ നീര്‍ച്ചുഴിയില്‍, കെസി ജോസഫ് എഴുതുന്ന ലേഖനം

Jaihind Webdesk
Monday, November 27, 2023

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫ് എഴുതുന്ന ലേഖനം

 

നിയോജക മണ്ഡലങ്ങളിലൂടെ നവകേരള സദസ്സ് മുന്നേറുമ്പോള്‍ സംസ്ഥാനം ഭരണസ്തംഭനത്തിന്റെ നീര്‍ച്ചുഴിയിലേക്ക് വഴുതി മാറുകയാണ്. തീര്‍പ്പാക്കാന്‍ കഴിയാതെ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഫലത്തില്‍ നാഥനില്ലാത്ത സ്ഥിതിയിലാണ്. ഇപ്പോള്‍തന്നെ അമ്പതിനായിരത്തോളം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നു. നവകേരള സദസ്സില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ കൂടി വരുമ്പോള്‍ ഫയലുകള്‍ നാല് ലക്ഷം എങ്കിലും കഴിയും. ‘ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി’ ആനയും അമ്പാരിയുമായി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുന്ന തിരക്കിലുമാണ്.
കടന്നുപോകുന്ന വഴികളിലൊക്കെ വിവാദങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കിയാണ് സദസ്സ് മുന്നോട്ട് പോകുന്നത്. പൊരിവെയിലത്ത് കുഞ്ഞുങ്ങളെ വഴിയില്‍ ഇറക്കി നിര്‍ത്തി അഭിവാദ്യം സ്വീകരിച്ചതും, സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങളില്‍ സദസ്സിനായി സ്‌കൂള്‍ ബസ് വിട്ടു നല്‍കാന്‍ ഉത്തരവിറക്കിയതും, ‘അച്ചടക്കമുള്ള’ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി സദസ്സില്‍ എത്തിച്ച് സ്വീകരണം പൊടിപൊടിക്കാന്‍ ശ്രമിക്കുന്നതും, നാമമാത്രമായ പ്രതിഷേധം നടത്തുന്നവരെ ക്രൂരമായി തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്നതുമൊക്കെ വിവാദ പരമ്പരയില്‍ ചിലത് മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും സദസ്സ് നടത്തിപ്പിന് ഫണ്ട് നല്‍കണമെന്ന് ഉത്തരവ് നഗരസഭകളിലും പഞ്ചായത്തുകളിലും ഉണ്ടാക്കിയ സംഘര്‍ഷങ്ങള്‍ ഇതിന് പുറമേ. ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായതോടുകൂടി സ്‌കൂളിനെ സംബന്ധിച്ച ഉത്തരവ് സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച ഉത്തരവും കോടതിയുടെ പരിഗണനയില്‍ എത്തിയിരിക്കുകയാണ്.
140 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും എത്തുന്നുണ്ടെങ്കിലും ലഭിക്കുന്ന ഒരു പരാതിക്കും അവിടെ വച്ച് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. പിന്നെ എന്തിനാണ് ഈ മാമാങ്കം എന്ന ചോദ്യം ഉയരുന്നത് തികച്ചും സ്വാഭാവികം മാത്രം.
പ്രഖ്യാപിച്ചതനുസരിച്ച് മിക്കവാറും ദിവസങ്ങളില്‍ ഒരു ദിവസം 4 സദസ്സാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 11, ഉച്ചകഴിഞ്ഞ് 3, 4.30, 6 എന്നീ സമയങ്ങളിലാണ് പരിപാടി. യാത്രയ്ക്കുള്ള സമയം ഒഴിവാക്കിയാല്‍ പരമാവധി ഒരു മണിക്കൂറില്‍ താഴെയായിരിക്കും മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഒരു നിയോജക മണ്ഡലത്തില്‍ ചെലവഴിക്കുന്നത്. റേഡിയോ പ്രഭാഷണം പോലെ മുഖ്യമന്ത്രിയുടെ ഉദ്‌ബോധനം കേള്‍ക്കുന്നതല്ലാതെ ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ ഒരു അവസരവും ഇല്ലെന്ന് ചുരുക്കം.
ചില ദിവസങ്ങളില്‍ രാവിലെ പ്രഭാത ഭക്ഷണത്തിനിടയില്‍ മുഖ്യമന്ത്രിയും സംഘവും പൗരപ്രമുഖരെ കാണുന്നുണ്ട്. ആരാണീ പൗരപ്രമുഖര്‍? വ്യക്തമല്ല. പണ്ട് തിരുവിതാംകൂറില്‍ വോട്ടവകാശത്തിന് കരം തീരുവയുള്ള നാട്ടുപ്രമാണിമാര്‍ക്ക് അര്‍ഹത നല്‍കിയതുപോലെ നാട്ടുപ്രമാണിമാരാണോ പൗരമുഖൃര്‍. സമൂഹത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിനെതിരെ പോരാടിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ സാധാരണ ജനങ്ങളെയും പൗരമുഖൃരെയും രണ്ടായി വേര്‍തിരിച്ചു കാണുന്നത് തികച്ചും പരിഹാസ്യമാണ്. പൗരമുഖ്യന് പ്രഭാതഭക്ഷണം നല്‍കും. അവരോട് മുഖ്യമന്ത്രി സംവദിക്കും. അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. കാരണം അവര്‍ വിഐപി മാരാണല്ലോ. ഇവിടെയും ‘കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.’
മണ്ഡല സദസ്സ് ആരംഭിക്കുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് മുതല്‍ നിശ്ചയിച്ച കൗണ്ടറുകളില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിച്ച രസീത് നല്‍കുമത്രേ. പരാതിക്ക് ഒരു തീര്‍പ്പും അവിടെ ഉണ്ടാകില്ല. കാരണം പരാതി തീര്‍പ്പാക്കാന്‍ അധികാരം ഉള്ളവര്‍ ആരുംതന്നെ കൗണ്ടറുകളില്‍ ഉണ്ടാവില്ല. രണ്ടാഴ്ചക്കുള്ളില്‍ ലഭ്യമായ പരാതി തീര്‍പ്പാക്കി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുമെന്ന് പറയുന്നു.
പരാതി നല്‍കിയ ശേഷം പന്തലില്‍ കാത്തിരുന്ന് ‘തികച്ചും സൗജന്യമായി’ മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം കേള്‍ക്കാനും മന്ത്രിപ്പടയുടെ ദര്‍ശന സൗഭാഗ്യത്തിനും ജനത്തിന് അവസരം ഉണ്ടാകും. പരാതി സ്വീകരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ ആനയും അമ്പാരിയുമായി ഒരു നവ കേരള സദസ്സ് ആവശ്യമുണ്ടായിരുന്നോ? അക്ഷയ കേന്ദ്രത്തിലോ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്താലും രസീത് ലഭിക്കുമല്ലോ. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും ഒഴിവാക്കാമായിരുന്നില്ലേ? നേരിട്ട് വന്ന് പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ച സ്ഥിതിക്ക് ‘on the spot’ ല്‍ പരാതി പരിഹാരത്തിന് സംവിധാനം ഉണ്ടാക്കേണ്ടതായിരുന്നില്ലേ?
മന്ത്രിമാര്‍ എല്ലാവരും 140 നിയോജക മണ്ഡലങ്ങളിലും പോകുന്ന സ്ഥിതിക്ക് നിശ്ചിത സമയത്തിന് രണ്ടുമണിക്കൂര്‍ മുമ്പെങ്കിലും രണ്ടോ മൂന്നോ മന്ത്രിമാരുടെ ടീം എല്ലാ കൗണ്ടറിലും ഇരുന്ന് പരാതി വാങ്ങി ജനങ്ങളെ കേട്ട് കുറെ പരാതിയെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കാമായിരുന്നില്ലേ? അതിനുള്ള ഒരു ശ്രമവും നടത്താതെ നാടാകെ ദുരിതത്തില്‍ കിടന്ന് ഉഴലുമ്പോള്‍ ജനങ്ങള്‍ക്ക് ഇനിയും ബോധ്യപ്പെടാത്ത നേട്ടങ്ങള്‍ എഴുന്നള്ളിക്കാന്‍ മാത്രം ഒരു സദസ് ആവശ്യമുണ്ടായിരുന്നോ?
എല്ലാ നിയോജക മണ്ഡലത്തിലെയും എല്ലാ പരിപാടിയിലും എല്ലാ മന്ത്രിമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി വായിച്ചു. കണ്ടിടത്തോളം ജനസദസ്സുകളില്‍ മുഖ്യമന്ത്രിയും ഒന്നോ രണ്ടോ മന്ത്രിമാര്‍ ഒഴികെ ആരും സംസാരിക്കുന്നില്ല. മട്ടന്നൂരില്‍ അധ്യക്ഷതവഹിച്ച സ്ഥലം എംഎല്‍എ ഷൈലജടീച്ചര്‍ അല്പം നീട്ടി പ്രസംഗിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി ഉണ്ടാക്കിയ പുകില്‍ കേരളം കണ്ടതല്ലേ? എന്തൊരു അസഹിഷ്ണുതയാണിത്? ഈ ”വണ്‍മാന്‍ഷോ” എത്രകാലം കേരളം സഹിക്കേണ്ടിവരും? കേവലം പ്രദര്‍ശനലസ്തുവായി ഇരുന്നുകൊടുക്കല്‍ അല്ലാതെ മറ്റൊരു ജോലിയും ഇല്ലെങ്കില്‍ എന്തിനാണ് എല്ലാ മന്ത്രിമാരെയും ഇങ്ങനെ എല്ലായിടത്തും കെട്ടിയെഴുന്നള്ളിക്കുന്നത്. മുഖ്യമന്ത്രിക്ക് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കണമെങ്കില്‍ കോവിഡ് കാലത്തേതുപോലെ ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ പോരായിരുന്നോ? തദ്ദേശസ്വയംഭരണ- സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയും പാര്‍ട്ടി സഖാക്കളെയും ഉപയോഗിച്ച് ജനങ്ങളില്‍നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തിയും ഇത്രയേറെ ധൂര്‍ത്തും ആര്‍ഭാടവും നടത്തി സംഘടിപ്പിക്കുന്ന ഒരു ”നവകേരള സദസ്സ്” കൊണ്ട് എന്ത് നേട്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടാകുവാന്‍ പോകുന്നതെന്ന് മനസ്സിലാകുന്നില്ല.
മറ്റൊരു കാര്യം ഒരു മാസത്തിലേറെ കേരളം നേരിടാന്‍ പോകുന്ന ഭരണ സ്തംഭനമാണ്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ മന്ത്രിമാര്‍ ഒന്നടങ്കം ടൂറില്‍ ആയതിനാല്‍ ഭരണസിരാകേന്ദ്രമായ സംസ്ഥാന സെക്രട്ടറിയേറ്റ് ‘മന്ത്രിമുക്ത സെക്രട്ടറിയേറ്റ്’ ആയി മാറും. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സംസ്ഥാനത്തും മന്ത്രിമാര്‍ ഒന്നടങ്കം ഇങ്ങനെ ഒരു മാസത്തിലേറെ ‘സെക്രട്ടറിയേറ്റ് ബഹിഷ്‌കരണ’ ചടങ്ങ് നടത്തിയ ചരിത്രം ഉണ്ടായിരിക്കില്ല. ഇത്തരത്തില്‍ ഗിന്നസ് ബുക്കില്‍ പേര് ചേര്‍ക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെയും അവസാനത്തെയും മന്ത്രിസഭ എന്ന ഖ്യാതി എല്ലാകാലത്തും ‘പിണറായി വിജയന്‍ മന്ത്രിസഭയ്ക്ക് ‘ സ്വന്തമായിരിക്കും.
ഒരു മാസക്കാലം സെക്രട്ടറിയേറ്റ് മാത്രമല്ല ജില്ലകളിലെ ഭരണസംവിധാനവും സ്തംഭനത്തില്‍ ആയിരിക്കും. സദസ്സിന്റെ മുന്നൊരുക്കത്തിനായും സദസ്സ് നടക്കുന്ന ദിവസങ്ങളിലും ജില്ലയിലെ ഭരണസംവിധാനം മുഴുവന്‍ അതിന്റെയും മന്ത്രിപ്പടയുടെയും പിന്നാലെ ആയിരിക്കുമല്ലോ. ഫലത്തില്‍ ജനകീയ പ്രശ്‌നങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടും. ‘മുഹമ്മദ് ബിന്‍ തുഗ്ലക്കിനെപോലും കടത്തിവെട്ടിയ ഭരണാധികാരി’ എന്ന ഖ്യാതി നവകേരള സദസ്സ് പിണറായി വിജയന് നേടി കൊടുക്കുക തന്നെ ചെയ്യും.
നവകേരള സദസിന്റെ പേരില്‍ നടക്കുന്നത് നഗ്‌നമായ അധികാര ദുര്‍വിനിയോഗം അല്ലേ? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് (own fund) ഭരണസമിതിയുടെ തീരുമാനമില്ലാതെ ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കാന്‍ സര്‍ക്കാരിന് എന്ത് അധികാരം? ഇതാണോ അധികാര വികേന്ദ്രീകരണം! കരുവന്നൂരിനും കണ്ടലയ്ക്കും ശേഷം നിക്ഷേപം പിന്‍വലിക്കല്‍ ഭീഷണി നേരിടുന്ന സഹകരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥന്മാരെ കൊണ്ട് ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥന്മാരെ കൊണ്ട് പണം പിരിച്ചും പാര്‍ട്ടിസഖാക്കളെ കൊണ്ട് പ്രാദേശിക നിര്‍ബന്ധിത പിരിവ് നടത്തിയും ധൂര്‍ത്തിന്റെയും ധാരാളിത്തത്തിന്റെയും മേളകള്‍ നടത്തുന്നത് ജനം കാണുന്നുണ്ടെന്നെങ്കിലും സര്‍ക്കാര്‍ മനസ്സിലാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന സ്‌കൂള്‍ ബസുകള്‍ നവ കേരള സദസ്സിന് ആളിനെ ഇറക്കാന്‍ വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തികഞ്ഞ വൈരുദ്ധ്യം അല്ലേ? ഏതായാലും ഹൈക്കോടതി ഇടപെട്ടത് കൊണ്ട് അത് ഒഴിവായി. അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി നവകേരള സദസ്സില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് എത്ര പരിഹാസ്യമാണ്. കൂത്തുപറമ്പിനടുത്ത് എല്‍ പി സ്‌കൂളിലെ പിഞ്ച് വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് റോഡില്‍ ഇറക്കി മുഖ്യമന്ത്രിക്ക് ജയ് വിളിക്കാന്‍ നിര്‍ത്തിയതിനെ അപലപിക്കുന്നതിന് പകരം തന്റെ ജനപ്രീതിയുടെ ലക്ഷണമായികണ്ട മുഖ്യമന്ത്രിയുടെ നിലവാര തകര്‍ച്ചയില്‍ കേരളം ലജ്ജിക്കുക തന്നെ ചെയ്യും. ‘പിള്ളമനസ്സില്‍ കള്ളമില്ലെന്നല്ലേ പറയുന്നത്, കണ്ടില്ലേ പിഞ്ചുകുഞ്ഞുങ്ങള്‍ റോഡിലിറങ്ങി അഭിവാദ്യം ചെയ്യാന്‍ നിരന്നുനിന്നത്’ എന്ന് പറഞ്ഞു അതിനാല്‍ അഭിമാനം കൊണ്ട മുഖ്യമന്ത്രിയെപറ്റി എന്ത് പറയാനാണ്. മുഖ്യമന്ത്രിയുടെ പേരക്കുട്ടികളെ ഇങ്ങനെ വഴിയില്‍ വെയിലത്ത് ഇറക്കി നിര്‍ത്തുവാന്‍ അദ്ദേഹം സമ്മതിക്കുമോ? വേറെ ഏതെങ്കിലും മുഖ്യമന്ത്രിക്ക് അഭിവാദ്യം നേരാന്‍ ഇങ്ങനെ നിര്‍ത്തിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണം? ഉദ്യോഗസ്ഥന്മാര്‍ സര്‍ക്കാര്‍ ഓഫീസില്‍ പോകാതെ നവകേരള സദസ്സുകളില്‍ പങ്കെടുക്കണമത്രേ. അധികാരം ഉള്ളതുകൊണ്ട് എന്തും ആകാമെന്നാണോ മുഖ്യമന്ത്രി പിണറായി വിചാരിക്കുന്നത്? ഇതേ രീതിയിലാണ് മോദി സര്‍ക്കാരിന്റെ ‘വികസിത ഭാരത് സങ്കല്‍പയാത്ര’. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ പ്രഭാരിമാരായി നിയോഗിച്ച് രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യാനാണ് മോദിയും ശ്രമിക്കുന്നത്. ഇതുമായി സഹകരിക്കേണ്ട എന്നാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. നല്ല കാര്യം. പക്ഷേ സ്വന്തം രാഷ്ട്രീയ പ്രചാരണത്തിനായി സര്‍ക്കാര്‍ മെഷീനറി ദുരുപയോഗം ചെയ്യുന്ന പിണറായി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ പരിപാടിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ ധാര്‍മിക അധികാരം ഉണ്ടോയെന്നത് മറ്റൊരു ചോദ്യം.

ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി
ഉമ്മന്‍ചാണ്ടി നടത്തിയ ‘ജനസമ്പര്‍ക്ക പരിപാടി’ ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണെന്നാണ് നിയമസഭയിലും സഭയ്ക്ക് പുറത്തും സിപിഎം പരിഹസിച്ചത്. 2002, 2011, 2013, 2015 എന്നിങ്ങനെ നാല് വര്‍ഷങ്ങളില്‍ ഉമ്മന്‍ചാണ്ടി 14 ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. രാവിലെ 9 മണി മുതല്‍ നിന്നകാലില്‍ നിന്നുകൊണ്ട് ജനങ്ങളെ നേരിട്ടു കണ്ട് പരാതി ഏറ്റുവാങ്ങി ഓരോ പരാതിയിലും സ്വന്തം കൈപ്പടയില്‍ ഉത്തരവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആളുകളിലേക്ക് ഇറങ്ങിച്ചെന്നത്. രാത്രി രണ്ടുമണി, മുന്നുമണി വരെയൊക്കെ പരിപാടി നീണ്ടുപോയി. പരാതിയുമായി വന്ന എല്ലാവരെയും കണ്ട ശേഷമാണ് പരിപാടി അവസാനിപ്പിച്ചത്. നിയമസഭയില്‍ നല്‍കിയ ഉത്തരം അനുസരിച്ച് തന്നെ 11,45,449 പരാതികളാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പാക്കിയത്. ചികിത്സക്കും മറ്റും സഹായത്തിനുമായി 242 കോടി 87 ലക്ഷത്തി 23,832 രൂപയും നല്‍കി. ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ അതാത് ജില്ലകളില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ പങ്കെടുക്കാം. നിര്‍ബന്ധം ഉണ്ടായിരുന്നില്ല.
ലഭിച്ച ആവലാതികളില്‍ മുഖ്യമന്ത്രിയുടെ ലെവലില്‍ തീരുമാനിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ കുറിപ്പാക്കി മന്ത്രിസഭാ അജണ്ടയില്‍ ഉള്‍പ്പെടുത്തി തീരുമാനത്തിന് സമര്‍പ്പിക്കണം. അതുപോലെ ഒരു ലക്ഷം രൂപയില്‍ അധികമായ സാമ്പത്തിക ആനുകൂല്യവും മന്ത്രിസഭയാണ് തീരുമാനിച്ചിരുന്നത്.
ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 43 പുതിയ നിയമനിര്‍മ്മാണങ്ങള്‍ മന്ത്രിസഭ അനുമതി നല്‍കി. വഴിമധ്യേ ഉണ്ടാകുന്ന മരണത്തിന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നു. മരണം നടന്ന സ്ഥലത്തെ ജനന-മരണ രജിസ്ട്രാര്‍ ആണോ, ചികിത്സ തേടിയെങ്കില്‍ അതുകൂടി ഉള്‍പ്പെടുന്ന സ്ഥലത്തെ ഉദ്യോഗസ്ഥനാണോ, മരണപ്പെട്ടവന്റെ ജന്മനാട്ടിലെ ഉദ്യോഗസ്ഥനാണോ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരം എന്ന കാര്യത്തിലെ അവ്യക്തത മാറ്റി ശവസംസ്‌കാരം നടന്ന സ്ഥലത്തെ രജിസ്ട്രാര്‍ക്ക് അതിനുള്ള അധികാരം നല്‍കാന്‍ നിയമത്തില്‍ മാറ്റം വരുത്തിയതും, ആണ്‍മക്കള്‍ ഉള്ളവര്‍ക്ക് വിധവാ പെന്‍ഷന് അര്‍ഹതയില്ലെന്ന നിബന്ധന നീക്കം ചെയ്തതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം ലഭിക്കാനുള്ള വാര്‍ഷിക വരുമാനപരിധി ഇരുപതിനായിരം രൂപയില്‍ നിന്നും ഒരു ലക്ഷം ആക്കിയതും, ക്യാന്‍സര്‍ രോഗികള്‍ക്കും സഹായിക്കും കെഎസ്ആര്‍ടിസി ബസ്സില്‍ സൗജന്യ യാത്ര അനുവദിച്ചതും, സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ചികിത്സ സൗജന്യമാക്കിയതും, വിധവാ പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷക രേഖകളില്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന് വ്യവസ്ഥ ചെയ്തതും, അഡ്മിഷന്‍ രജിസ്റ്ററില്‍ നിയമപരമായ ഭേദഗതികള്‍ ചെയ്യാന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് അധികാര നല്‍കിയതും, റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കാന്‍ വ്യവസ്ഥ ചെയ്തതുമെല്ലാം ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച നിവേദനങ്ങളെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിലൂടെ ആയിരുന്നു.
ജനസമ്പര്‍ക്ക പരിപാടിയോട് തികച്ചും നിഷേധമായ സമീപനമാണ് അന്നത്തെ പ്രതിപക്ഷവും പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സ്വീകരിച്ചത്. പരിപാടിയില്‍ നിന്നും വിട്ടുനിന്നെന്ന് മാത്രമല്ല പരിപാടി നടന്ന കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുവാനും പരിപാടിയിലേക്ക് വരുന്നവരെ തടയാന്‍ അക്രമാസക്തമായ മാര്‍ഗ്ഗങ്ങള്‍ സിപിഎം സ്വീകരിച്ചതും ഓര്‍മ്മശക്തിയുള്ളവര്‍ മറക്കാനിടയില്ല. ജനസമ്പര്‍ക്ക പരിപാടിക്കുള്ള യു എന്‍ അവാര്‍ഡ് വാങ്ങി തിരിച്ചെത്തിയപ്പോഴും സിപിഎമ്മിന്റെ കരിങ്കൊടി പ്രകടനമാണ് മുഖ്യമന്ത്രിയെ വരവേറ്റത്. എന്നാല്‍ ഒരിടത്തും പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുവാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെയോ പോലീസിനെപോലും സര്‍ക്കാര്‍ നിയോഗിച്ചില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിന് ഉണ്ടെന്ന വിശാലമായ സമീപനമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി അക്രമാസക്തരായ സംഘത്തെ അഴിച്ചുവിട്ട് കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചിട്ടും പ്രതിഷേധമായി ഒരു ഹര്‍ത്താല്‍ പോലും നടത്തുവാനോ, കോടതിയിലെ പ്രതിക്കൂട്ടില്‍ എംഎല്‍എമാരായ പ്രതികളെ കണ്ടിട്ടും കാണാതെ പ്രതികളെ അറിയില്ലെന്നും പറയാനും മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി തയ്യാറായത് അദ്ദേഹത്തിന്റെ സഹിഷ്ണുതയുടേയും ഉന്നതമായ ജനാധിപത്യ ബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ്.
കഴിഞ്ഞദിവസം കണ്ണൂരില്‍ വഴിവക്കില്‍ നിന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിന്റെ സാന്നിധ്യത്തില്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ ഹെല്‍മറ്റ് കൊണ്ടും ചെടിച്ചട്ടി കൊണ്ടും തലയ്ക്ക് അടിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുന്ന രംഗം ദൃശ്യമാധ്യമങ്ങളില്‍ കാണാനിടയായി. മൂന്നോ നാലോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് കരിങ്കൊടി പ്രകടനത്തില്‍ പങ്കെടുത്തത്. ഒരു നാമമാത്രമായ പ്രതിഷേധം മാത്രം. അതേപ്പറ്റി മുഖ്യമന്ത്രി നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ നിലവാര തകര്‍ച്ചയുടെ തെളിവാണ്. ബസ്സിന്റെ മുന്നില്‍ വീഴാതിരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരെ രക്ഷിച്ചതാണത്രേ. അത് ഇനിയും തുടരണമെന്ന ആഹ്വാനവും. ഈ പ്രതികരണം ക്രിമിനല്‍ സ്വഭാവമുള്ള ഒരു മനസ്സിന്റെ തനിനിറം പുറത്തു കൊണ്ടുവന്നു. ഒന്ന് പ്രതിഷേധിക്കാനുള്ള അവകാശം പോലും ജനാധിപത്യ കേരളത്തില്‍ നിഷിദ്ധമാണോ? പ്രതിഷേധങ്ങളോട് എന്തിനാണ് ഇത്ര അസഹിഷ്ണുത. പുന്നപ്രയിലേയും വയലാറിലേയും കയ്യൂരിലെയും കരിവെള്ളൂരിലെയും നിയമവിരുദ്ധവും അക്രമാസക്തവുമായ ജനകീയ സമരങ്ങളിലൂടെ ഉയിര്‍കൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സമരങ്ങളോട് ഇത്ര അലര്‍ജിയാണോ? മുഖ്യമന്ത്രിതന്നെ നടത്തിയ അക്രമത്തിനുള്ള ആഹ്വാനവും അധികാരത്തിന്റെ അഹന്തയും അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തലായി മാത്രമെ ജനാധിപത്യ കേരളം കാണൂ എന്നതില്‍ സംശയമില്ല.