‘ഇത് അഭിമാനിക്കാനുള്ള നിമിഷമല്ല, പുനർവിചിന്തനം നടത്താനുള്ളതാണ്‌ ; വിക്കിപീഡിയ തിരുത്തിയാല്‍ ചരിത്രം മാറില്ല’; സിപിഎമ്മിനോട്‌ മുന്‍ മന്ത്രി കെ കെ ബാലകൃഷ്ണന്റെ മകന്‍

Jaihind Webdesk
Wednesday, May 19, 2021

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ കെ ബാലകൃഷ്ണന്റെ മകനും കെപിസിസി സെക്രട്ടറിയുമായ കെ ബി ശശികുമാര്‍. ആവര്‍ത്തിച്ച് കള്ളം പറഞ്ഞത് സത്യമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് സിപിഎം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പുതിയൊരു ‘വിപ്ലവ തീരുമാനം’ ചരിത്രത്തില്‍ ആദ്യമെന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് സിപിഎം സൈബര്‍ ക്യാപ്‌സ്യൂള്‍ ഫാക്ടറി. 1977 മാര്‍ച്ച് 25 ന് അധികാരത്തില്‍ വന്ന കെ കരുണാകരന്‍ മന്ത്രിസഭയിലും ഒരുമാസത്തിനു ശേഷം അധികാരത്തില്‍ വന്ന എ കെ ആന്റണി മന്ത്രി സഭയിലും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ചേലക്കര എംഎല്‍എ ആയിരുന്ന എന്റെ പിതാവ് കെ കെ ബാലകൃഷ്ണന്‍ ആയിരുന്നു. ആ വിവരങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് വിക്കിപീഡിയയില്‍ നിന്ന് ഒഴിവാക്കിയെന്നും കെ ബി ശശികുമാര്‍ ചൂണ്ടിക്കാണിച്ചു.

‘ഇത് അഭിമാനിക്കാനുള്ള നിമിഷമല്ല പുനർവിചിന്തനം നടത്തേണ്ട സമയമാണ്. ചരിത്രം തിരുത്തേണ്ടത് വിക്കിപീഡിയ പേജുകൾ തിരുത്തിയല്ല, ചരിത്രപരമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് ആകണം. അതിന് സിപിഎമ്മിന്‌ കഴിയും എന്ന് തോന്നുന്നില്ല അതുകൊണ്ട് തന്നെ ഇത്തരം പൊടികൈകൾ കൊണ്ട് ആശ്വസിക്കാം’ ശശികുമാര്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കെ. കെ ബാലകൃഷ്ണൻ എന്ന ദേവസ്വം വകുപ്പ് മന്ത്രി.

പണ്ട് കാലം മുതലേ ഒരു കള്ളം പറയാനും അത് ആവർത്തിച്ച് പറഞ്ഞ് സത്യമാണ് എന്നു വരുത്തി തീർക്കാനും കമ്യുണിസ്റ്റ് പാർട്ടി എടുക്കുന്ന ഗീബൽസ്യൻ തന്ത്രങ്ങൾ പ്രസക്തം ആണല്ലോ.

ക്ഷേത്രപ്രവേശനവും മാറു മറയ്ക്കലും തുടങ്ങി ദളിത് വിഷയങ്ങൾ ഒന്നിൽ പോലും ചെറുവിരൽ അനക്കാതെ ഗ്യാലറിയിൽ ഇരുന്ന് കയ്യടിച്ച കമ്യുണിസ്റ്റ് നേതാക്കൾ പിന്നീട് നാടകങ്ങളിലൂടെയും സാഹിത്യ രചനകളിലൂടെയും കവല പ്രസങ്ങളിലൂടെയും ഈ സമര നായകത്വം ഏറ്റെടുത്ത കാഴ്ച്ച നമ്മൾ നേരിൽ കണ്ടതാണ്.

ഇപ്പോൾ പുതിയൊരു “വിപ്ലവ തീരുമാനം” ചരിത്രത്തിൽ ആദ്യമെന്ന തരത്തിൽ അവതരിപ്പിക്കുകയാണ് സിപിഎം സൈബർ ക്യാപ്സ്യൂൾ ഫാക്ടറി. കേരളത്തിൽ ആദ്യമായി ഒരു ദളിത് ദേവസ്വം മന്ത്രി വരാൻ പോകുന്നത്രെ.

എന്നാൽ ഒരു തിരുത്തുണ്ട് അത് ചരിത്രത്തിൽ ആദ്യമല്ല…..

1977 മാർച്ച് 25 ന് അധികാരത്തിൽ വന്ന
കെ.കരുണാകരൻ മന്ത്രിസഭയിലും അദ്ദേഹം രാജി വെച്ചതിനെ തുടർന്ന് ഒരുമാസത്തിനു ശേഷം അധികാരത്തിൽ വന്ന എ.കെ.ആന്റണി മന്ത്രി സഭയിലും ഹരിജനക്ഷേമ വകുപ്പ്, ജലസേചന വകുപ്പ്, ദേവസ്വം വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നത് ചേലക്കര എം.എൽ.എ ആയിരുന്ന എന്റെ പിതാവ് കെ.കെ ബാലകൃഷ്ണൻ ആയിരുന്നു. (ആ വിവരങ്ങൾ ഏതാനും നിമിഷങ്ങൾക്ക് മുൻപ് വിക്കിപീഡിയയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു : ചിത്രം നോക്കുക).
അന്നത്തെ ദേവസ്വം മന്ത്രിയോട് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ ഉത്തരങ്ങളുടെ സഭാരേഖ ഇതോടൊപ്പം ചേർക്കുന്നു. അതുകൊണ്ടു തന്നെ ആദ്യമായല്ല ഒരു പട്ടികജാതിക്കാരൻ ദേവസ്വം മന്ത്രി ആകുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും.
അതിനു ശേഷം പി.കെ വാസുദേവൻ നായർ മന്ത്രിസഭയിൽ ദാമോദരൻ കാളാശ്ശേരിയും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.( ആ വിവരങ്ങളും വിക്കിപീഡിയയിൽ നിന്നും നിമിഷങ്ങൾ ക്കു മുൻപ് നീക്കം ചെയ്തു.)
ഈ ഇരുപത്തി ഒന്ന് അംഗ മന്ത്രിസഭയിൽ ഒരേ ഒരു ദളിത് മന്ത്രി മാത്രമേ ഉള്ളു എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്.സിപിഎം പോലെയുള്ള ഒരു പ്രസ്ഥാനം ചരിത്രത്തില്‍ ഇന്നേവരെ ഒരു ദളിതനെ പോളിറ്റ് ബ്യൂറോയില്‍ പോലും ഉള്‍പ്പെടുതിയിട്ടില്ല എന്നത് ചർച്ച ചെയ്യപ്പെടണം, ഇതുവരെ അധികാരത്തിൽ വന്ന ഒരു സംസ്ഥാനങ്ങളിലും ഒരു ദളിത് മുഖ്യമന്ത്രിയോ ഒരു ദളിത് പാർട്ടി സെക്രട്ടറിയോ അവർക്ക് ഉണ്ടായിരുന്നില്ല എന്നത് ചർച്ച ചെയ്യപ്പെടണം.

ഇത് അഭിമാനിക്കാനുള്ള നിമിഷമല്ല പുനർവിചിന്തനം നടത്തേണ്ട സമയമാണ്….
ചരിത്രം തിരുത്തേണ്ടത് വിക്കിപീഡിയ പേജുകൾ തിരുത്തിയല്ല, ചരിത്രപരമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് ആകണം. അതിന് സിപിഎം ന് കഴിയും എന്ന് തോന്നുന്നില്ല അതുകൊണ്ട് തന്നെ ഇത്തരം പൊടികൈകൾ കൊണ്ട് ആശ്വസിക്കാം…

പുതിയ മന്ത്രിസഭക്കും മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.കെ.രാധാകൃഷ്ണനും എല്ലാവിധ ആശംസകളും നേരുന്നു…..