കവിത കേരളത്തില്‍ എത്തി മൂന്നാം മാസം എം.ബി.രാജേഷ് എക്സൈസ് മന്ത്രി! കവിതയുടേത് വെറും സന്ദർശനമോ?പിന്നില്‍ ദുരൂഹ ഇടപാടുകളോ?

Jaihind News Bureau
Friday, January 31, 2025

ഡൽഹി മദ്യനയ കേസിലെ പ്രതിയും തെലുങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതയുടെ കേരള സന്ദർശനം വലിയ രാഷ്ട്രീയ ദുരൂഹതകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് കവിതയുടെ സന്ദർശനം ദുരൂഹമാണെന്ന ആരോപണം ഉയർത്തിയത്. ഡി.എൻ.സി (ഡൽഹി ന്യൂ എക്‌സൈസ് പോളിസി) അഴിമതി കേസിൽ പ്രധാന പ്രതികളിലൊരാളായ കവിത, ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടയാളാണ്. സതീശന്റെ ആരോപണം അനുസരിച്ച്, കവിത കേരളത്തിൽ വന്നതും സർക്കാർ തലത്തിൽ ബന്ധം സ്ഥാപിച്ചതും ഈ മദ്യ കമ്പനിയുടെ കാരണത്താൽ ആണെന്നതാണ്. “ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധമുള്ള ഒയാസിസ് കമ്പനിയുടെയും കവിതയുടെയും ഇടപെടലുകൾ കേരളത്തിലും ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. കവിത എവിടെയാണ് താമസിച്ചതും, ആരെയൊക്കെ കണ്ടു തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണം. ഒരുപാട് ദുരൂഹ ഇടപാടുകൾ ഇവിടെ നടന്നിട്ടുണ്ട്.” – വി.ഡി. സതീശൻ പറഞ്ഞു.വി. ഡിയുടെ ഈ പരാമർശങ്ങൾ കേരളത്തിലെ എക്സൈസ് വകുപ്പ്, സർക്കാർ തലത്തിൽ ഉണ്ടായ സമവായങ്ങൾ തുടങ്ങിയവയെ ചുറ്റിപ്പറ്റി പുതിയ സംശയങ്ങൾ ഉയർത്തുന്നുണ്ട്.

കവിത മുമ്പ് 2019ൽ കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ടിരുന്നു. അന്ന് തെലങ്കാനയിലെ നിസാമബാദ് മണ്ഡലത്തിൽ നിന്നുള്ള എം.പി ആയിരുന്നു കവിത. കാസ്റ്റ് ആൻഡ് ഡിസ്‌ കൺ ഡൻസ്’ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം വലിയ ശ്രദ്ധ നേടിയിരുന്നു.പിന്നീട് 2022 മെയ് മാസം കേരള നിയമസഭയിൽ നടന്ന ഇന്ത്യൻ പാർലമെന്റിലേയും സംസ്ഥാന നിയമസഭകളിലേയും വനിതാ അംഗങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി കവിത വീണ്ടും കേരളത്തിലെത്തി. 2022 സെപ്റ്റംബർ 3ന് എം.ബി. രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു. അതിനുശേഷം എക്സൈസ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തു. കവിതയുടെ കേരള സന്ദർശനത്തിനു മൂന്നു മാസത്തിന് ശേഷം അദ്ദേഹത്തിന്റെ നിയമനം നടന്നതും, തുടർന്ന് ഒയാസിസ് ഗ്രൂപ്പ് കേരള മദ്യവ്യാപാര രംഗത്തേക്ക് പ്രവേശിച്ചതും പ്രതിപക്ഷ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. 2022 സെപ്റ്റംബർ 6നാണ് എം.ബി. രാജേഷ് എക്സൈസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനുശേഷം കേരള മദ്യനയത്തിലും വ്യവസായ മേഖലയിലും ചില നിർണ്ണായക മാറ്റങ്ങൾ ഉണ്ടായി.

2024 മാർച്ചിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കവിതയെ അറസ്റ്റ് ചെയ്തു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇ.ഡി നടപടി സ്വീകരിച്ചത്. അതേ വർഷം ഏപ്രിലിൽ സിബിഐയും കവിതയെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം അന്നത്തെ അന്വേഷണം കർശനമായതോടെയാണ് കവിത അഞ്ച് മാസം വരെയാണ് തീഹാർ ജയിലിൽ കഴിഞ്ഞത്. ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മദ്യ നിർമ്മാണ കമ്പനിക്ക് വേണ്ടി ഡൽഹി സർക്കാർ നയപരിഷ്കാരം നടത്തി എന്നതാണ് കേസ്. ഇതിന് അനുകൂലമായ തീരുമാനങ്ങൾ കെ. കവിത ഇടപെട്ട് എടുക്കാൻ ശ്രമിച്ചു എന്നതും അന്വേഷണ ഏജൻസികളുടെ പ്രാഥമിക കണ്ടെത്തലുകളിലൊന്നാണ്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും തമ്മിലുള്ള ഉറ്റ ബന്ധം പുതിയ വിവാദങ്ങൾക്കിടയാക്കുന്നുണ്ട്. 2019 മേയ് മാസത്തില്‍ തെലുങ്കാന മുഖ്യമന്ത്രി ആയിരുന്ന ചന്ദ്രശേഖര റാവു ക്ലിഫ് ഹൗസിൽ പിണറായി വിജയനെ സന്ദർശിച്ചിരുന്നു. അന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, കോൺഗ്രസിനും ബിജെപിക്കും പുറമെ ഒരു പ്രതിപക്ഷ മുന്നണി രൂപീകരിക്കാനായിരുന്നു ആലോചന. 2023 ജനുവരിയിൽ ഹൈദരാബാദിൽ ചന്ദ്രശേഖര റാവു വിളിച്ച 21 അംഗ പ്രതിപക്ഷ യോഗത്തിൽ പിണറായി വിജയനും പങ്കെടുത്തിരുന്നു.

ഇതിനിടെ കവിതയും എം.ബി. രാജേഷും തമ്മിലുള്ള ബന്ധം, ഒയാസിസ് ഗ്രൂപ്പിന്‍റെ കേരളത്തിലെ എൻട്രി, മദ്യനയക്കേസിൽ കവിതക്കെതിരായ അന്വേഷണങ്ങൾ തുടങ്ങിയവയെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണങ്ങൾ ആവശ്യമാണെന്നതാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഈ ആരോപണങ്ങൾക്കിടയിൽ സത്യാവസ്ഥ വ്യക്തമാക്കുന്നതിനായി കേരള സർക്കാർ വിശദീകരണവുമായി മുന്നോട്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. കവിതയുടെ കേരള സന്ദർശനം വെറും ഔദ്യോഗിക പരിപാടികളിലേക്കുള്ള സന്ദർശനമായിരുന്നോ, അതോ വലിയൊരു കുതന്ത്രത്തിന്‍റെ ഭാഗമായിരുന്നോ എന്നത് ഇനി നടക്കുന്ന രാഷ്ട്രീയ ചർച്ചകളിലൂടെ വ്യക്തത വരുത്തേണ്ടതാണ്.