കേരളത്തിലെ നിരാലംബരായ വനിതകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ‘കാവല്‍’ സിനിമയെന്ന് സുരേഷ് ഗോപി ; ഇന്ത്യയിലെ കര്‍ഷകരുടെ വിഷയത്തില്‍ മൗനം ; പ്രതികരിക്കാനില്ലെന്ന് നടന്‍

ദുബായ് : കേരളത്തിലെ നിരാലംബരായ വനിതകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് , തന്റെ കാവല്‍ എന്ന സിനിമയെന്ന് നടനും എംപിയുമായ സുരേഷ് ഗോപി ദുബായില്‍ പറഞ്ഞു. കേരളത്തില്‍ പീഡനത്തിനിരയായി മരണം വരിച്ച വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ, ഒരുപാടു പെണ്‍കുട്ടികള്‍ ജീവിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും സംരക്ഷിക്കാന്‍ സാധിക്കുമെന്നല്ല പറയുന്നത്. എങ്കിലും , അവര്‍ക്കൊക്കെ കാവലായി താന്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം. സിനിമ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന കല എന്ന നിലയ്ക്ക് , കാവല്‍ സിനിമ, അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തോടൊപ്പം വ്യാഴാഴ്ചയാണ് കാവല്‍ സിനിമ ഗള്‍ഫിലും റിലീസാവുക.

‘കസബ’ എന്ന ചിത്രത്തില്‍ നാം സാധാരണ ജീവിതത്തില്‍ പറയാറുള്ള ചീത്ത വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂ എന്നും ചുരുളിയിലെ സംഭാഷണങ്ങള്‍ വിവാദമായതിനെക്കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും കാവലിന്റെ സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു. തന്റെ രണ്ടാമത്തെ ചിത്രമായ കാവല്‍ ഒരു ഫാമിലി ഡ്രാമ-ആക്ഷന്‍ ചിത്രമാണ്. ആക്ഷന്‍ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കും ഇതെന്നും പറഞ്ഞു. കേരളത്തോടൊപ്പം വ്യാഴാഴ്ചയാണ് കാവല്‍ ഗള്‍ഫിലും റിലീസാവുക.

നായിക റേച്ചല്‍ ഡേവിഡ്, ട്രൂത് ഗ്ലോബല്‍ ഫിലിംസ് എംഡി അബ്ദുല്‍ സമദ്, ഗുഡ് വില്‍ എന്‍റര്‍ടൈന്‍മെന്‍റ് പ്രൊഡക്ഷന്‍ ഫിനാന്‍സ് കണ്‍ട്രോളര്‍ ശ്രാവണ്‍, യുബിഎല്‍ ചെയര്‍മാന്‍ ബിബി ജോണ്‍, ട്രൂത് ഗ്ലോബല്‍ ഫിലിംസ് പ്രതിനിധി രാജന്‍ വര്‍ക്കല എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Comments (0)
Add Comment