കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതീഷ്, വിജയന്‍റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. വിജയന്‍റെ മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന വീടിന്‍റെ തറ പൊളിച്ച് പോലീസ് പരിശോധന നടത്തും.
നവജാത ശിശുവിനേയും പ്രായമായ ഒരാളേയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തന്‍ പുരയ്ക്കല്‍ നിതീഷ് കുറ്റസമ്മതം നടത്തിയതോടെയാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കുന്നത്. വിഷ്ണുവിന്‍റെ അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് കിട്ടിയ വിവരം. കുഞ്ഞിനെ നിതീഷ് തൂവാലകൊണ്ട് ശ്വാസംമുട്ടിച്ചെന്നും വിജയനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് മൊഴി. ആഭിചാരക്കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. വിജയനെ കൊലപ്പെടുത്തി കുഴിച്ചിട്ടതെന്ന് കരുതുന്ന വീടിന്‍റെ തറ പൊളിച്ച് ഇന്ന് പരിശോധന നടത്തും.
കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന മറ്റൊരു വീടിന്‍റെ തൊഴുത്തിലും പരിശോധന നടത്തും. കുഞ്ഞിനെ സാഗര ജംഗ്ഷനിലുള്ള വീട്ടിന്‍റെ കാലിത്തൊഴുത്തിലാണ് കുഴിച്ചിട്ടത്. 2016 ലാണ് സംഭവം നടന്നത്. വിഷ്ണുവിന്‍റെ സഹോദരിക്ക് നിതീഷുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞാണ് ഇതെന്നാണ് സൂചന. പിന്നിട് വീടുവിറ്റ് ഇവർ കാഞ്ചിയാറിലെ വാടകക്കെട്ടിടത്തിലേക്ക് മാറി. ഇവർ വിവാഹിതരല്ല. നവജാതശിശുവിന്‍റെ മൃതദേഹം കട്ടപ്പന സാഗര ജംക്‌ഷനിൽ ഇവർ മുമ്പ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്നാണു സൂചന. ഈ കേസിൽ വിജയനും മകൻ വിഷ്ണുവും പ്രതികളാണ്.
വിജയന്‍റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയതെന്നാണ് വിവരം. അതിനുശേഷം ഈ കുടുംബത്തിന്‍റെ നിയന്ത്രണം തന്നെ നിതീഷിന്‍റെ കൈയിലായി. വിജയന്‍റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയതെന്നാണ് വിവരം. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്ന് ഇവരെ വിശ്വസിപ്പിച്ചെന്നാണ് വിവരം. നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം കുടുംബത്തെ അകറ്റി. ഇിതനായി വാടകവീടുകള്‍ മാറിമാറി താമസിച്ചു. ഇവരെ കാണാതായെന്നു വ്യക്‌തമാക്കി ഒരു ഘട്ടത്തിൽ വിജയന്‍റെ സഹോദരി പോലീസിൽ പരാതി നൽകിയിരുന്നു. മരണം നടന്നിട്ടും പുറത്തുപറയാന്‍ പറ്റാത്ത രീതിയില്‍ ഇവരും അന്ധവിശ്വാസത്തിന് അടിപ്പെട്ടു.
മാർച്ച് രണ്ടിന് കട്ടപ്പനയിലെ ഒരു വർക്ക്ഷോപ്പിൽ മോഷണം നടത്തുന്നതിനിടെയാണ് വിഷ്ണുവും സുഹൃത്ത് നിതീഷും പോലീസ് പിടിയിലായത്. പുലർച്ചെ വർക്ക്ഷോപ്പിനുള്ളിൽ കയറിയ ഇവരെ ഉടമയുടെ മകൻ പിടികൂടുകയായിരുന്നു. ഇതില്‍ വിഷ്ണു മോഷണത്തിനിടെ പരിക്കേറ്റ് ചികിത്സയിലാണ്. നിതീഷിനെ ഞായറാഴ്ച 1.30 വരെ കട്ടപ്പന കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പോലീസിന്‍റെ ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കൊലപാതകങ്ങളിലെ ദുരൂഹത നീക്കാനുള്ള വിശദമായ അന്വേഷണത്തിന് തയാറെടുക്കുകയാണ് പോലീസ്.