യൂത്ത് ലീഗ് നേതാക്കളായ പികെ ഫിറോസ്, സികെ സുബൈര്‍ എന്നിവര്‍ക്കെതിരായ കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കളവാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്കെതിരെ വെറുതെ പരാതി നല്‍കി എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കേസിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നും മന്ത്രി അബ്ദുറഹിമാനും കെടി ജലീലും സിപിഎം നേതൃത്വവുമാണ് തനിക്കെതിരെ പ്രവര്‍ത്തിച്ചതെന്നും പികെ ഫിറോസ് ആരോപിച്ചു. കത്വ ഫണ്ട് തട്ടിപ്പ് കേസ് ആരോപണം കളവാണെന്ന് പൊലീസ് കുന്നമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കത്വ ഉന്നാവോ പെണ്‍കുട്ടികള്‍ക്കായി സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.
‘കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാന്‍ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ഞങ്ങളിപ്പോഴുള്ളത്. ഞങ്ങള്‍ക്കുറപ്പായിരുന്നു ഈ കേസ് വിജയിക്കുമെന്ന്. അന്തിമവിജയം സത്യത്തിനായിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. പക്ഷേ കേരളത്തിലെ ജനങ്ങള്‍ ഒരുകാര്യം മറന്നു പോകാന്‍ പാടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഈ എഫ്‌ഐആറിന്റെ കോപ്പിയാണ് ഞാന്‍ താനൂരില്‍ മത്സരിച്ച സമയത്ത് വ്യാപകമായി പ്രചരിപ്പിച്ചത്. ഓരോ വീട്ടിലും ഈ എഫ്‌ഐആറിന്റെ കോപ്പി കൊണ്ടുപോയി കൊടുത്ത് കത്വാ ഫണ്ട് തിരിമറി നടത്തിയ പ്രതിയാണിതെന്ന രീതിയിലുള്ള വ്യാപകമായി പ്രചരണമാണ് ഇന്നത്തെ മന്ത്രി വി അബ്ദുറഹിമാനും ഇടതുപക്ഷ നേതാക്കളും സിപിഎം പ്രവര്‍ത്തകരും നടത്തിയത്.’ പികെ ഫിറോസ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.