കണ്ണൂർ : കതിരൂരിലെ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍. ബോംബ് നിർമാണം നടക്കുമ്പോൾ കൂടുതൽ പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സ്ഫോടകവസ്തുക്കൾ മറ്റൊരു ഇടത്തേക്ക് മാറ്റിയതായും കൂടുതൽ പേർക്ക് പങ്കുള്ളതായും പൊലീസിന് സൂചന ലഭിച്ചു. സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്.
ബോംബ് സ്ഫോടനം നടന്ന സ്ഥലത്തെ വീട്ടുടമ കതിരൂർ ഏഴാം മൈൽ സ്വദേശി വിനുവിനെ കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ വെച്ചാണ് സ്ഫോടനം നടന്നുവെന്ന് മാത്രമല്ല ഇയാൾ പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനും ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട് . സംഭവത്തിൽ കുടുതൽ പേർ ഉൾപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചു. സ്ഫോടന ശേഷം തെളിവുകൾ നശിപ്പിക്കാനും വിനു നേതൃത്വം നൽകി എന്നാണ് പൊലീസിൻ്റെ നിഗമനം.
സ്ഫോടന സമയത്ത് പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള നാലോളം പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ചുണ്ടങ്ങാ പൊയിലിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായ കേസിലെ പ്രതികൾ ആരെങ്കിലും ഇവിടെ എത്തിയിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റ നിജേഷിൻ്റെ വിശദമായ മൊഴി എടുക്കുവാനുള്ള നീക്കത്തിലാണ് പൊലീസ്.