ജമ്മു കശ്മീരിലെ വാഹനാപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Jaihind Webdesk
Thursday, December 7, 2023

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശ്രീനഗറിൽ നിന്ന് വിമാനമാർഗം ഡല്‍ഹി വഴിയാണ് നാല് പേരുടെ മൃതദേഹം ഇന്ന് കേരളത്തിലേക്ക് എത്തിക്കുക. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നോർക്കാ റൂട്സ് പ്രതിനിധി ഡോ. ഷാജിമോൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ കശ്മീരിൽ തുടരുന്നുണ്ട്. ഇന്നലെ തന്നെ ശ്രീനഗറിൽ വച്ച് നാലുപേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് എംബാം ചെയ്തിരുന്നു. പാലക്കാട് സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്.

കശ്മീർ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും അപകടത്തിൽ മരണപ്പെട്ടിരുന്നു. മരണപ്പെട്ട മലയാളികളായ നാല് പേരുടെ മൃതദേഹത്തിന് പുറമെ യാത്രാ സംഘത്തിലെ മറ്റ് 8 പേരെയും കേരള സർക്കാരിന്‍റെ നേതൃത്വത്തിൽ തിരിച്ച് നാട്ടിൽ എത്തിക്കും. ഗുരുതരമായി പരിക്കേറ്റ മനോജ് നിലവിൽ കശ്മീരിൽ ചികിത്സയിൽ തുടരുകയാണ്. ഡിസംബർ അഞ്ചാം തിയതി ഉച്ചയ്ക്കാണ് കശ്മീരിലെ സോജിലാ പാസിൽ വിനോദ സഞ്ചാര സംഘം യാത്ര ചെയ്ത വാഹനം അപകടത്തിൽ പെട്ട് നാല് മലയാളികൾ ഉൾപ്പെടെ ഏഴ് പേര് മരിച്ചത്.

കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് കഴിഞ്ഞ ചൊവ്വാഴ്ച അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ മാസം മുപ്പതിന്  കേരളത്തിൽ നിന്നും ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.  സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും അപകടത്തിൽ നിന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു.