പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകള്‍ സുരക്ഷാ സേനയും ജമ്മു കശ്മീര്‍ അധികൃതരും ചേര്‍ന്ന് തകര്‍ത്തു. ബിജ്ബെഹാരയിലെ ലഷ്‌കര്‍ ഭീകരന്‍ ആദില്‍ ഹുസൈന്‍ തോക്കറിന്റെ വസതി ഐഇഡി ഉപയോഗിച്ച് തകര്‍ത്തപ്പോള്‍, ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുകയും ആസൂത്രണം ചെയ്തതിനും ആദില്‍ തോക്കര്‍ പ്രധാന പങ്ക് വഹിച്ചതായി തെളിഞ്ഞിട്ടുണ്ട്. 2018 ല്‍ പഞ്ചാബിലെ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ തോക്കര്‍ പാകിസ്ഥാനിലേക്ക് കടക്കുകയും കഴിഞ്ഞ വര്‍ഷം എപ്പോഴോ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തതായാണ് വിവരം. ഇയാള്‍ക്ക് തീവ്രവാദ ക്യാമ്പുകളില്‍ പരിശീലനം കിട്ടിയിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ പ്രാദേശിക പങ്കാളികളെന്നു സ്ഥിരീകരിച്ച തോക്കറുടെ വീടാണ് അധികൃതര്‍ ഐഇഡികള്‍ ഉപയോഗിച്ച് തകര്‍ത്തത്. ത്രാല്‍ ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നാണ് അറിയുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ആസിഫ് ഷെയ്ക്ക് ആക്രമണത്തില്‍ പങ്കാളിയായതോടെ വീട്ടിലുള്ളവര്‍ അവിടെ നിന്ന് മാറിയിരുന്നു ന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികളില്‍ ഇരുവര്‍ക്കും ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഈ വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ കാണുന്നു. ത്രാലിലെ വീട് ഇതോടെ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. ആസിഫ് ഷെയ്ക്ക് ആക്രമണത്തില്‍ പങ്കാളിയാണെന്നു തെളിഞ്ഞതോടെ പ്രാദേശികമായി ഇയാള്‍ക്കെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇയാളോടുള്ള രോഷം നാട്ടുകാര്‍ പ്രകടിപ്പിക്കുകയും ചെയിതിരുന്നു
ആക്രമണം നടത്തിയ തോക്കറിനെയും രണ്ട് പാകിസ്ഥാന്‍ പൗരന്മാരായ അലി ഭായ്, ഹാഷിം മൂസ എന്നിവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അനന്ത്നാഗ് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അക്രമികള്‍ക്കായി സുരക്ഷാ സേന വ്യാപകമായ തിരച്ചില്‍ ആരംഭിച്ചതോടെ മൂവരുടെയും രേഖാചിത്രങ്ങളും പുറത്തുവിട്ടു.
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും സര്‍വ്വകക്ഷി യോഗത്തിലൂടെ സര്‍ക്കാര്‍ വ്യാഴാഴ്ച വിശദീകരിച്ചിരുന്നു. യോഗത്തിന് ശേഷം, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ‘ഏത് നടപടിയും സ്വീകരിക്കാന്‍’ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി ഇന്ന് കശ്മിരിലെത്തും. അനന്ത്‌നാഗില്‍ അദ്ദേഹം ദുരന്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കും