കെഎഎസിലും അട്ടിമറി നീക്കം ; മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ സർവറില്‍ നിന്നും അപ്രത്യക്ഷമായി ; ഇഷ്ടക്കാരെ തിരുകിക്കയറ്റാനെന്ന് ആക്ഷേപം

Jaihind Webdesk
Monday, April 5, 2021

 

തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി കത്തിക്കുത്ത് കേസ് പ്രതികളായ  എസ്.എഫ്.ഐക്കാര്‍ റാങ്ക് പട്ടികയില്‍ ഇടംനേടിയതിന് പിന്നാലെ തങ്ങളുടെ ഇഷ്ടക്കാരെ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ്  റാങ്ക് പട്ടികയിലും തിരുകികയറ്റാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. ഏറെ കൊട്ടിഘോഷിച്ച് ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) വിവരണാത്മകപരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും വിലപ്പെട്ട രേഖകളും പി.എസ്.സി സര്‍വറില്‍ നിന്ന് നഷ്ടമായത് ഇതിന്റെ ഭാഗമായാണെന്ന് ആരോപണം. മൂന്ന് ഘട്ടങ്ങളിലായി 3190 പേരെഴുതിയ പരീക്ഷയുടെ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ.എസ്.എം) രേഖകളും ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത ചിത്രങ്ങളുമാണ് നഷ്ടമായത്. ഇതോടെ ഇവ വീണ്ടെടുക്കാന്‍ പി.എസ്.സി സി-ഡിറ്റ് സഹായം തേടിയെന്നാണ് റിപ്പോർട്ട്

ചുരുക്കപ്പട്ടികയില്‍ പിന്നിലായവരെ അഭിമുഖത്തിലൂടെ റാങ്ക് പട്ടികയില്‍ മുന്നിലെത്തിക്കാന്‍ മാര്‍ക്കിങ് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ അതീവസുരക്ഷ സര്‍വറുകളില്‍ സൂക്ഷിക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന സര്‍വറില്‍ സൂക്ഷിച്ചത് അട്ടിമറി ആണോ എന്ന സംശയം സാങ്കേതികവിഭാഗം ജീവനക്കാര്‍ക്കിടയിലുണ്ട്. കാരണം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഉത്തരക്കടലാസുകളും അപ്രത്യക്ഷമായത്. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ മാര്‍ക്ക് പി.എസ്.സി പുറത്തുവിട്ടിട്ടില്ല. അഭിമുഖത്തിന്റെ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയശേഷമായിരിക്കും അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കുക. ചുരുക്കപ്പട്ടികയില്‍ പിന്നിലായവരെ അഭിമുഖത്തിലൂടെ മുന്നിലെത്തിക്കുന്നതിന്റെ ഭാഗമാണോ രേഖകള്‍ അപ്രത്യക്ഷമായതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

പി.എസ്.സി ആസ്ഥാനത്ത് ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചശേഷം വിഷയാടിസ്ഥാനത്തില്‍ സ്‌കാന്‍ ചെയ്ത് മൂല്യനിര്‍ണയത്തിനായി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ലഭ്യമാക്കുന്ന രീതിയാണ് ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്. മൂല്യനിര്‍ണയത്തിനെത്തുന്നവര്‍ സ്‌ക്രീനില്‍ മൂല്യനിര്‍ണയം നടത്തി കൈമാറും. ഇവ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിന് സമീപത്തെ സംസ്ഥാന ഡേറ്റ സെന്ററിലെ പി.എസ്.സിയുടെ സര്‍വറുകളില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇതിന് പുറമെ ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലും ആറ് സര്‍വറുകള്‍ പി.എസ്.സിക്കുണ്ട്. ഇവയിലേക്ക് ഉത്തരക്കടലാസുകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ സര്‍വറില്‍ സ്ഥാപിച്ച ‘റെയിഡ്’ എന്ന സോഫ്റ്റ്‌വെയറിലൂടെ മാര്‍ക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകളുടെ പകര്‍പ്പുകളും പി.എസ്.സിക്ക് ലഭിക്കും.

കെ.എ.എസ് ഉത്തരക്കടലാസുകള്‍ ഈ സര്‍വറുകളിലേക്കൊന്നും നല്‍കാതിരുന്നത് വലിയ വീഴ്ചയായാണ്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത പരീക്ഷവിഭാഗം അഡീഷനല്‍ സെക്രട്ടറിയുടെ ഓഫീസിലെ സര്‍വറിലാണ് സൂക്ഷിച്ചിരുന്നത്. മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസുകള്‍ മാത്രമാണ് പി.എസ്.സി ആസ്ഥാനത്തുള്ളത്.

മാര്‍ച്ച് 24നാണ് കെ.എ.എസ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് സ്ട്രീമിലുമായി 582 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പ്രതീക്ഷ പുലര്‍ത്തിയ നൂറുകണക്കിന് പേര്‍ പുറത്തായി. ഇവര്‍ ഉത്തരക്കടലാസ് പകര്‍പ്പിന് പി.എസ്.സിയെ സമീപിക്കാനൊരുങ്ങുകയാണ്. അന്തിമ റാങ്ക് പ്രസിദ്ധീകരിച്ച ശേഷമേ സൂക്ഷ്മപരിശോധന, പുനര്‍മൂല്യനിര്‍ണയ അപേക്ഷ പി.എസ്.സി സ്വീകരിക്കൂ. കോപ്പികള്‍ വീണ്ടെടുക്കാനായില്ലെങ്കില്‍ ഉത്തരക്കടലാസുകളില്‍ ഒരിക്കല്‍ കൂടി മൂല്യനിര്‍ണയം വേണ്ടിവരും.