പി.എസ്.സി പരീക്ഷ തട്ടിപ്പ് വിവാദങ്ങൾക്കിടെ കനത്ത സുരക്ഷയിൽ ആദ്യത്തെ കെഎഎസ് പരീക്ഷ ഇന്ന്. പരീക്ഷ എഴുന്നത് 4 ലക്ഷം ഉദ്യോഗാർത്ഥികൾ. ഏറ്റവും കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരത്തും ഏറ്റവും കുറവ് കേന്ദ്രങ്ങളുള്ളത് വയനാട് ജില്ലയിലും.
സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലാണ് കെഎഎസ് പരീക്ഷ നടക്കുന്നത്. രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ് കെഎഎസ് പ്രാഥമിക പരീക്ഷനടക്കുന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പൊലീസിന്റെയും പ്രത്യേക സ്ക്വാഡിന്റെയും നിരീക്ഷണം പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്സിയുടെ ഒരു ജീവനക്കാരൻ ജോലിയിലുണ്ടാകും.
രാവിലെ ചോദ്യപേപ്പറുമായി പരീക്ഷാ കേന്ദ്രത്തിലെത്തുന്ന പിഎസ്സി ജീവനക്കാരൻ രണ്ടു പരീക്ഷയും കഴിഞ്ഞതിനു ശേഷമേ പരീക്ഷാ കേന്ദ്രത്തിനു പുറത്തു പോകാൻ പാടുള്ളൂ എന്ന കർശന നിർദേശവുമുണ്ട്. അതേസമയം, ഉദ്യോഗാർത്ഥികൾക്ക് പുറത്ത് പോകുന്നതിന് നിയന്ത്രണമില്ല. എന്നാൽ രാവിലത്തെ പരീക്ഷ എഴുതാത്ത ഉദ്യോഗാർത്ഥികളെ ഉച്ചയ്ക്കു നടക്കുന്ന പരീക്ഷ എഴുതാൻ അനുവദിക്കില്ല. ഉദ്യോഗാർഥികൾക്ക് കെഎഎസ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
മൊബൈൽ ഫോൺ, വാച്ച് എന്നിവയ്ക്ക് കർശന നിയന്ത്രണമാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സാങ്കേതിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പരിശീലനം നേടിയ പിഎസ്സി ജീവനക്കാർ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും