വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കുമെന്ന്് സൂചന. ഒരു സെമിഫൈനല്‍ മത്സരവും പ്രാഥമിക റൗണ്ട് മത്സരവും ഉള്‍പ്പെടെ, ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹമത്സരങ്ങള്‍ക്കും കാര്യവട്ടം സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ചില മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ആലോചനയുണ്ട്. ഇത് സംബന്ധിച്ച് ബിസിസിഐ തീരുമാനമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെയുണ്ടാകും.
ഐപിഎല്ലില്‍ ആര്‍സിബി കിരീടം നേടിയതിന് ശേഷം നടന്ന വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും അമ്പതോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ചിന്നസ്വാമി സ്റ്റേഡിയം വലിയ മത്സരങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. ഈ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാ ക്ലിയറന്‍സ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഉദ്ഘാടന ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ മറ്റ് വേദികളിലേക്ക് മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായി.
വനിതാ ഏകദിന ലോകകപ്പ് സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് നടക്കുന്നത്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ലോകകപ്പിന് മുന്നോടിയായി കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണും കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. ഇതിന്റെ ഭാഗമായി സ്റ്റേഡിയത്തിലെ ഫ്‌ലഡ് ലൈറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അടുത്തിടെ നവീകരിച്ചിരുന്നു.