കാര്യവട്ടം ഏകദിനം; ഇന്ത്യയ്ക്ക് ചരിത്ര വിജയം

Jaihind Webdesk
Sunday, January 15, 2023

തിരുവനന്തപുരം: കാര്യവട്ടത്ത്  ചരിത്ര വിജയം നേടി ടീം ഇന്ത്യ.  രണ്ട് മത്സരങ്ങളിലൂടെ ഇന്ത്യ പരമ്പര നേടിയെങ്കിലും കാര്യവട്ടത്തെ മൂന്നാം ഏകദിനം ചരിത്രത്തിന്‍റെ ഭാഗമായി. 317 റണ്‍സിനാണ് ഇന്ത്യയുടെ ജയം.
സര്‍വമേഖലകളിലും ഇന്ത്യ ആധിപത്യം പുലര്‍ത്തിയതോടെ ശ്രീലങ്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 73 ന് കളി അവസാനിപ്പിച്ചു. ഇതോടെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജനിലെ വിജയമെന്ന 2008 ജൂലൈയില്‍ 290 റണ്‍സിന് അയര്‍ലന്‍ഡിനെതിരെ ന്യൂസീലന്‍ഡ് നേടിയ റിക്കോര്‍ഡ് പഴങ്കഥയായി. കാണികളുടെ എണ്ണത്തില്‍ വലിയ കുറവാണ് സേറ്റഡിയത്തില്‍ അനുഭവപ്പെട്ടത്. പക്ഷേ കളത്തില്‍ ഇന്ത്യ വന്‍ പോരാട്ടം കാഴ്ച്ചവച്ചത് ക്രിക്കറ്റ് പ്രേമികളുടെ മനം നിറച്ചു. വിരാട് കോലി 110 പന്തില്‍ 166*, ശുഭ്മന്‍ ഗില്‍ 97 പന്തില്‍ 116 എന്നിവരാണ് ഇന്ത്യയ്ക്ക് വന്‍ സ്‌കോര്‍ സമ്മാനിച്ചത്. കാര്യവട്ടത്തെ ആദ്യ രാജ്യാന്തര സെഞ്ചറിയാണ് ഗില്‍ സ്വന്തം പേരിലെഴുതിയത്. അതേസമയം ലങ്കന്‍ നിരയില്‍ ആര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.