കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ ആദ്യ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി പി.സതീഷ് കുമാര്‍ അടക്കമുളളവരുടെ ജാമ്യ നീക്കം തടയുകയാണ് ലക്ഷ്യം. റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖയും കോടതിയില്‍ ഹാജരാക്കും. റബ്‌കോ എംഡി അടക്കമുളളവരെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം തുടരുകയാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന്‍ പി.സതീഷ് കുമാര്‍, ഇടനിലക്കാരന്‍ പി.പി കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പിആര്‍ അരവിന്ദാക്ഷന്‍, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഈ മാസം മുപ്പതിനകം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്് ഒരുങ്ങുന്നത്. ആദ്യം അറസ്റ്റിലായ സതീഷ് കുമാര്‍, കിരണ്‍ അടക്കമുളളവരുടെ ജാമ്യ നീക്കങ്ങള്‍ക്ക് തടയിടുക എന്നതാണ് ലക്ഷ്യം. തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരന്‍ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാകും റിപ്പോര്‍ട്ടില്‍ ഉണ്ടാവുക.
അന്വേഷണം തുടരുകയാണെന്നും കളളപ്പണ ഇടപാടിലെ വന്പന്‍ മാര്‍ക്കെതിരായ റിപ്പോര്‍ട്ട് പിന്നാലെ വരുമെന്നും കോടതിയെ അറിയിക്കും. ഇതിനിടെ റിമാന്‍ഡില്‍ കഴിയുന്ന പി ആര്‍ അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ആറ് ശബ്ദരേഖയാണ് ഇഡി കോടതിയില്‍ ഹാജരാക്കുന്നത്. കളളപ്പണ ഇടപാട് സംബന്ധിച്ച് ഇതില്‍ സൂചനകളുണ്ടെന്നാണ് വിവരം. കരുവന്നൂര്‍ ബാങ്ക് റബ്‌കോയും തമ്മില്‍ നടത്തിയ ഔദ്യോഗിക ഇടപാടുകളുടെ വിശദാംശങ്ങളാണ് സ്ഥാപനത്തിന്റെ എംഡി ഹരിദാസന്‍ നന്പ്യാരില്‍ നിന്ന് തേടുന്നത്. കരുവന്നൂര്‍ ബാങ്കിലെ ജീവനക്കാരില്‍നിന്നും മൊഴിയെടുക്കുന്നുണ്ട്.