കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സിനും ജാമ്യമില്ല

Jaihind Webdesk
Friday, October 27, 2023


കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പിആര്‍ അരവിന്ദാക്ഷനും ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായ സികെ ജില്‍സിനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. എറണാകുളം പിഎംഎല്‍എ കോടതിയുടെതാണ് വിധി. കേസില്‍ മൂന്നാം പ്രതിയായ പിആര്‍ അരവിന്ദാക്ഷന്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍. മുഖ്യപ്രതി പി.സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് ഇഡിയുടെ വാദം. എന്നാല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും തന്റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടല്‍ ബിസിനസ് നടന്ന കാലത്തേതാണെന്നുമാണ് അരവിന്ദാക്ഷന്‍ കോടതിയെ അറിയിച്ചത്. സതീഷ് കുമാറിന്റെ മുന്‍ ഡ്രൈവറായിരുന്ന അടുപ്പം ഉണ്ടായിരുന്നതായും അരവിന്ദാക്ഷന്‍ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26 നാണ് ഇഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.