കരുവന്നൂർ റെയ്ഡ് പൂര്‍ത്തിയായി ; അനധികൃത വായ്പകളുടേതുള്‍പ്പെടെ നിരവധി രേഖകള്‍ കണ്ടെടുത്തു

Jaihind Webdesk
Sunday, July 25, 2021

തൃശൂർ : സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് പൂർത്തിയായി. അനധികൃതമായി അനുവദിച്ച വായ്പകളുടെ രേഖകൾ റെയ്ഡിൽ കണ്ടെടുത്തു. പ്രതികളെ വീടുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ നാല് പ്രധാന പ്രതികള്‍ ഇന്ന് പിടിയിലായിരുന്നു.

റെയ്ഡില്‍ ബിനാമി രേഖകൾ ഉൾപ്പെടെ കണ്ടെത്തിയതായാണ് വിവരം. 29 അനധികൃത വായ്പ രേഖകളാണ് കണ്ടെത്തിയത്. 29 വായ്പകളിൽ നിന്നായി 14.5 കോടി രൂപ വകമാറ്റി. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ ആറ് പ്രതികളായ റെജി അനിൽ കുമാർ, കിരൺ, ബിജു കരീം, ബിജോയ് എ കെ, ടി.ആർ സുനിൽ കുമാർ, സി കെ ജിൽസ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളിലെ വീടുകളിലായിരുന്നു പരിശോധന.

ഇന്ന് നാല് പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ബിജു കരീം, ടി.ആർ സുനിൽകുമാർ, ബിജോയ്, ജിൽസ് എന്നിവരെയാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. തൃശൂരിലെ ഒരു ഫ്ലാറ്റില്‍ ഒളിച്ചുകഴിയവെയാണ് പ്രതികള്‍ പിടിയിലായത്. ടി.ആർ സുനില്‍കുമാർ ബാങ്ക് സെക്രട്ടറിയും ബിജു കരീം മാനേജരുമാണ്. ഇരുവരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ചീഫ് അക്കൌണ്ടന്‍റ് ജില്‍സും പാര്‍ട്ടി അംഗമാണ്. മാനേജര്‍ ബിജു കരീം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവും സെക്രട്ടറി സുനില്‍കുമാർ കരുവന്നൂർ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ബാങ്കിലെ കമ്മീഷന്‍ ഏജന്‍റാണ് നാലാമനായ ബിജോയ്. ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്‍റ് റെജി അനിൽ കുമാര്‍, ഇടനിലക്കാരനായി പ്രവർത്തിച്ച കിരൺ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇതിൽ കിരൺ വിദേശത്തേക്ക് കടന്നു എന്നാണ് വിവരം.