കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : പ്രതികളെ സിപിഎം ഭയപ്പെടുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, July 31, 2021

 

തൃശൂർ : കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികളെ സിപിഎം ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതികളെ ചോദ്യം ചെയ്താല്‍ സിപിഎം നേതാക്കള്‍ക്ക് കേസിലുളള പങ്ക് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. വന്‍ തട്ടിപ്പ് കരുവന്നൂരില്‍ നടന്നുവെന്ന് അറിഞ്ഞിട്ടും പാർട്ടിയുടെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ പ്രതികരിക്കാതിരുന്നതുകൊണ്ടാണ് വീണ്ടും 100 കോടി രൂപ സാധാരണക്കാര്‍ക്ക് നഷ്ടമായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സഹകരണ ബാങ്കുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കരുവന്നൂർ കേസിൽ പ്രതികളുടെ കസ്റ്റഡി സംബന്ധിച്ച് അവ്യക്തത തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ബാങ്കിൽ വൻ തട്ടിപ്പ് നടന്നു എന്നത് പാർട്ടി സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് വി.ഡി സതീശന്‍ ചോദിച്ചു. കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതികളെ ചോദ്യം ചെയ്യലിന് വിട്ട് നല്‍കുമെന്നിരിക്കേ പ്രതികളെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പോലീസ് അന്വേഷിച്ചാല്‍ സര്‍ക്കാര്‍ പൊലീസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷണത്തിന് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരുവന്നൂര്‍ സഹകരണബാങ്കില്‍ പണം നിക്ഷേപിച്ച മുഴുവന്‍ ആളുകളുടെയും പണം തിരികെ ലഭിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരാണ്. ഇല്ലെങ്കില്‍ എല്ലാ സഹകരണ ബാങ്കുകളുടെയും വിശ്വാസ്യത തകരും. ബാങ്കുകളിലെ നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം, ബാങ്കുകളിലെ അക്കൗണ്ടിംഗ് നടപടി ക്രമങ്ങള്‍ സുതാര്യവും കുറ്റമറ്റതും ആകണം. അടിയന്തര നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.