തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കിരൺ പിടിയിൽ. പാലക്കാട് കൊല്ലങ്കോട് നിന്നാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ 2 മുൻ ഭരണ സമിതി അംഗങ്ങളെ കൂടി ഇനി പിടികൂടാനുണ്ട്.
കരുവന്നൂർ ബാങ്കിനെ കുറിച്ച് പരാതികൾ ഉയർന്ന ഘട്ടത്തിൽത്തന്നെ കിരൺ അപ്രത്യക്ഷനായിരുന്നു. വിദേശത്തേക്ക് കടന്നതായും സംശയം ഉയർന്നിരുന്നു. ഇയാൾ കൂടി പിടിയിലായതോടെ തട്ടിപ്പിൽ നേരിട്ട് പങ്കാളികളായവരെല്ലാം അറസ്റ്റിലായി. മുൻ ഭരണ സമിതി അംഗങ്ങളായ അമ്പിളി മഹേഷ്, മിനി നന്ദനൻ എന്നിവർ ഇപ്പോഴും ഒളിവിലാണ്.
ബാങ്കിൽ അംഗത്വം പോലുമില്ലാത്ത കിരൺ തന്‍റെ പേരിലും ബിനാമി പേരുകളിലുമായി 22 കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബാങ്കിലെ ഒട്ടുമിക്ക തട്ടിപ്പുകളുടെയും ഇടനിലക്കാരൻ കിരൺ ആയിരുന്നു എന്നാണ് ഓഡിറ്റ് പരിശോധനാ സംഘവും പിന്നീട് ക്രൈം ബ്രാഞ്ചും കണ്ടെത്തിയത്. ബാങ്കിൽ കിരണിന് അംഗത്വമുണ്ടെന്നു തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നിട്ടും കിരണിന്‍റെ പേരിൽ 50 ലക്ഷം രൂപയുടെ ഒരു വായ്പയും 45 ബിനാമി വായ്പകളുമുണ്ട്. ഇതിൽ പലതും 50 ലക്ഷം രൂപ വീതം എടുത്തവയാണ്.
ആകെ 22.85 കോടി രൂപയുടെ ബാധ്യത കിരൺ മൂലം ബാങ്കിനുണ്ടായി.
കിരണിന്‍റെ ബിസിനസ് പങ്കാളികളുടെയും ബന്ധുക്കളുടെയും പേരിലാണ് പല വായ്പകളും. ഇവയ്ക്കൊന്നും കൃത്യമായ ഈടു രേഖകളില്ല. ഓഡിറ്റിനിടെ പരിശോധനാ സംഘം കിരണിനോട് വിവരങ്ങൾ തേടിയിരുന്നെങ്കിലും ബിനാമി വായ്പകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ല. എന്നാൽ ഇയാളുടെ ഇതര ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. മുഖ്യപ്രതികളുമായി ചേർന്നു ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ മുൻകൈ എടുത്തതും കിരൺ തന്നെയാണ്.