‘കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ’: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് ഷാഫി പറമ്പില്‍

Jaihind Webdesk
Friday, July 23, 2021

തിരുവനന്തപുരം : സിപിഎം നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന തട്ടിപ്പാണിതെന്നും സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് ഷാഫി പറമ്പില്‍ പറഞ്ഞു. എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന 300 കോടിയുടെ തട്ടിപ്പ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ പരമ്പരകളെ വെല്ലുന്ന തട്ടിപ്പാണ് നടന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണിത്. സിപിഎം മുമ്പ് അന്വേഷണം നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയെങ്കിലും നടപടിയെടുത്തില്ല. ഒരു രൂപപോലും വായ്പ എടുക്കാത്തവർക്ക് പോലും ലക്ഷങ്ങൾ തിരിച്ചടയ്ക്കേണ്ട അവസ്ഥയാണെന്നും ഷാഫി പറഞ്ഞു.

സിഐടിയുക്കാരായ തൊഴിലാളികളടക്കം നിരവധിപേരുടെ പേരിൽ പണം തട്ടി. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. 2018–19 ലെ ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയിട്ടും അതെല്ലാം പൂഴ്ത്തിവെച്ചതായും ഷാഫി പറമ്പില്‍ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിൽ 104.37 കോടിയുടെ തട്ടിപ്പ് നടന്നതായി സഹകരണമന്ത്രി വി.എൻ വാസവൻ സഭയില്‍ അറിയിച്ചു. ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും  ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.