കരുവന്നൂരില്‍ മുഖം രക്ഷിക്കല്‍ നടപടിയുമായി സിപിഎം; നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Jaihind Webdesk
Monday, July 26, 2021

തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയുമായി സിപിഎം. ബാങ്ക് ഭരണ സമിതി പ്രസിഡന്‍റ് കെ.കെ ദിവാകരൻ, പ്രതികളായ ബിജു കരീം, ടി.ആർ സുനിൽ കുമാർ, ജിൽസ് എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയ മറ്റ് മുതിർന്ന നേതാക്കൾക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. നടപടി തീരുമാനിക്കാൻ ചേർന്ന സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കളായ എ.സി മൊയ്ദീനും ബേബി ജോണിനും എതിരെ രൂക്ഷ വിമർശനമുയർന്നു.

രണ്ട് ദിവസങ്ങളിലായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളിലെ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിർദേശം നൽകിയിരുന്നു. എട്ട് പേർക്കെതിരെയാണ് നടപടി വന്നത്. പ്രതി പട്ടികയിലുള്ള ബാങ്ക് ജീവനക്കാർക്കൊപ്പം ഭരണ സമിതി പ്രസിഡന്‍റായിരുന്ന കെ.കെ ദിവാകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്ന എം.ബി ദിനേഷ്, ടി.എസ് ബൈജു, അമ്പിളി മഹേഷ്, എൻ നാരായണൻ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

മുൻ ബാങ്ക് സെക്രട്ടറി ടി.ആർ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസ് എന്നിവരാണ് പുറത്താക്കപ്പെട്ട ജീവനക്കാർ. ഉല്ലാസ് കളക്കാട്ട്, കെ.ആർ വിജയ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ.സി പ്രേമരാജനെയും കരുവന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ് വിശ്വംഭരനെയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റാനും തീരുമാനമായി.

അതേസമയം മുൻ ജില്ലാ സെക്രട്ടറിമാരായിരുന്ന ബേബി ജോണിനും എ.സി മൊയ്ദീനും വിഷയം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മൊയ്ദീൻ സഹകരണ വകുപ്പ് കൈകാര്യം ചെയ്തിട്ടും അഴിമതി തടയാൻ കഴിയാതിരുന്നതും വിമർശന വിധേയമായി.