തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്തയാള്‍ ആത്മഹത്യ ചെയ്തു. മുൻ പഞ്ചായത്തംഗം ടി.എം മുകുന്ദനാണ് ജീവനൊടുക്കിയത്. 80 ലക്ഷം രൂപയുടെ വായ്പയ്ക്ക് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. 16 സെന്റ് ഭൂമി ഈടായി നൽകി ടി.എം മുകുന്ദൻ കരുവന്നൂർ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. ഇടായി നൽകിയ ആധാരത്തിന്മേൽ വീണ്ടും വായ്പ അനുവദിച്ചോ എന്ന് സംശയമുണ്ട്. കുടിശിക പെരുകി 80 ലക്ഷത്തിലെത്തി. ഇതിന്റെ പേരിൽ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും അയച്ചു. ജപ്തി നോട്ടീസ് കിട്ടിയതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു മുകുന്ദൻ. ഇതേതുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
സമാനമായ രീതിയിൽ നിരവധി പേരാണ് കരുവന്നൂർ ബാങ്കിൽ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പലർക്കും ജപ്തി നോട്ടീസും ലഭിച്ചിട്ടുണ്ട്. ബാങ്ക് അംഗമെന്ന നിലയിൽ ചില ജാമ്യ കടലാസുകളിൽ ഒപ്പിട്ട് നൽകിയവരും കടുങ്ങി. ഇങ്ങനെ നിരവധി ദിവസക്കൂലിക്കാർ 50 ലക്ഷം രൂപ വീതം വായ്പയെടുത്തുവെന്നാണ് ബാങ്കിലെ രേഖകൾ പറയുന്നത്. ബാങ്ക് ജീവനക്കാരുടെയും ഭരണ സമിതിയുടെയും ഒത്താശയോടെ നടന്ന വൻ തട്ടിപ്പിൽ ഇരകളാക്കപ്പെട്ടത് സാധാരണക്കാരായ നിരപരാധികളാണ്. ഇവരിൽ പലരും അത്മഹത്യാ മുനമ്പിലാണ്. നിക്ഷേപകരാകട്ടെ ഒരായുസ് മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിനായി രാവിലെ മുതൽ ബാങ്കിന് മുന്നിൽ ക്യൂ നിന്ന് നിരാശരായി മടങ്ങുന്നു. അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കരുവന്നൂരിൽ സ്ഥിതി സങ്കീർണ്ണമാകും.
അതേസമയം സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ഇഡി പൊലീസിനോട് തേടിയിട്ടുണ്ട്. വായ്പാ നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ട് പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു.
സംഭവത്തെക്കുറിച്ചു സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് നല്കിയ രഹസ്യ റിപ്പോര്‍ട്ടിലും അഴിമതി സ്ഥിരീകരിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയില്‍ ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. വായ്പക്ക് അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലാത്ത 5 പേർക്ക് 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. 16 പേർക്ക് അപേക്ഷ മാത്രം പരിഗണിച്ച് ഈടോ ബോണ്ടോ ഉൾപ്പെടെ ഒരു രേഖയും ഇല്ലാതെ 50 ലക്ഷം വീതം നൽകി. ഇവരുടെയെല്ലാം പേരിൽ പാസായ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്ത് നൽകിയത്. മുൻ മാനേജർ ബിജു, അക്കൗണ്ടന്റ് ജിൽസ് എന്നിവർ വഴി 52 കോടി രൂപയാണ് പലരുടെ പേരിൽ വായ്പയായി നൽകിയത്. ജിൽസിന്റെ പേരിൽ ബാങ്കിൽ 3 അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. തട്ടിപ്പിലൂടെ സ്വരൂപിച്ച പണത്തിലേറെയും പോയത് ഈ അക്കൗണ്ടുകളിലേക്കായിരുന്നുവെന്നും കണ്ടെത്തി.
മുൻ മാനേജർ ബിജു മുൻകൈ എടുത്ത് 379 വായ്പകൾ പാസാക്കിയെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം ബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വം കൂടുതൽ പ്രതിരോധത്തിലായി. പാർട്ടിക്ക് വിവരം കിട്ടിയ ശേഷവും 100 കോടിയിലേറെ വായ്പ എടുത്തതായാണ് സൂചന. കരുവന്നൂരിലെ 6 വര്‍ഷം നീണ്ട തട്ടിപ്പ് പിടിക്കപ്പെടാതിരുന്നതിനു പിന്നില്‍ ഉന്നത രാഷ്ട്രീയസ്വാധീനമുണ്ടെന്ന ആരോപണവും ബലപ്പെടുകയാണ്. ജില്ലാ സെകട്ടേറിയറ്റിൽ ഉണ്ടായിരുന്നവർ തന്നെയാണ് ബാങ്കിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. നേതൃത്വം കൂടി പ്രതിക്കൂട്ടിൽ നിൽക്കെ ഒഴിഞ്ഞുമാറുക ഇനി എളുപ്പമാകില്ല.