മുന്‍കൂർ ജാമ്യം തേടി കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികള്‍; ഒന്നും ‘അറിയാതെ’ അന്വേഷണസംഘം; ഒത്തുകളിയെന്ന് ആക്ഷേപം

Jaihind Webdesk
Wednesday, August 4, 2021

 

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. കേസിൽ അന്വേഷണം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാതെ അന്വേഷണ സംഘത്തിന്‍റെ ഒളിച്ചുകളി തുടരുകയാണ്.

ഒന്നാം പ്രതി ബാങ്കിന്‍റെ മുൻ സെക്രട്ടറി ടി.ആർ സുനിൽ കുമാർ, അഞ്ചാം പ്രതി കമ്മീഷൻ ഏജന്‍റ് എ.കെ ബിജോയ് എന്നിവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം പ്രതിയായ മുൻ മാനേജർ ബിജു കരീം, മൂന്നാം പ്രതി മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസ്, ആറാം പ്രതി റെജി എം അനിൽ എന്നിവർ സെഷൻസ് കോടതിയെയും സമീപിച്ചിട്ടുണ്ട്. സെഷൻസ് കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കും. ഹൈക്കോടതി മുമ്പാകെ 9 നാണ് കേസ് എത്തുക.

അതേസമയം പ്രതികളെ കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസിൽ അന്വേഷണം തുടങ്ങിയിട്ട് രണ്ടാഴ്ചയായി. പ്രതികൾക്കെല്ലാം സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളതിനാൽ അറസ്റ്റ് വൈകുന്നു എന്നാണ് ആക്ഷേപം. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അറസ്റ്റ് ഒഴിവാക്കാൻ ക്രൈംബ്രാഞ്ചിന് മേൽ സമ്മർദ്ദമുണ്ട്. പ്രതികൾ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. എന്നാൽ എന്തുകൊണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നില്ല എന്നതാണ് ഉയരുന്ന ചോദ്യം. നടപടിക്രമങ്ങൾ പുരോഗമിക്കുന്നു എന്നുപറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് അന്വേഷണ സംഘം. സിപിഎം നേതൃത്വവുമായി അന്വേഷണ സംഘം ഒത്തുകളിക്കുന്നതായി ആരോപിച്ച് തൃശൂർ ജില്ലയിൽ കോൺഗ്രസ് സമര രംഗത്താണ്.