കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ കോടതി നിർദേശം

Jaihind Webdesk
Monday, December 5, 2022

 

തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസിലെ ആദ്യ അഞ്ച് പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്ഥലങ്ങളും കെട്ടിടവും കണ്ടുകെട്ടാൻ ഉത്തരവിട്ടത്.

ബാങ്ക് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്‍റ് ജില്‍സ്, കമ്മീഷന്‍ ഏജന്‍റ് ബിജോയ്, സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യര്‍ റെജി കെ അനില്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. പ്രതികള്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 58 സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനത്തിലാകും. ബിജോയിയുടെ പേരില്‍ പീരുമേട്ടിലുള്ള ഒന്‍പത് ഏക്കർ ഭൂമിയും ഇതില്‍പ്പെടും. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവിടങ്ങളിലാണ് മറ്റ് വസ്തുവകകള്‍. ഇരിങ്ങാലക്കുടയിലാണ് ഏറ്റവുമധികം ഭൂമിയുള്ളത്.

ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. പരാതി ഉയര്‍ന്ന കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജ ലോണുകള്‍ തരപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.