കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പികെ ബിജു നുണ പറയുന്നു; പാര്‍ട്ടി ഓഫീസിലിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ അരിയങ്ങാടിയില്‍ പോലും കിട്ടും; അനില്‍ അക്കര

Jaihind Webdesk
Sunday, September 10, 2023

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ വാദം നുണയെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര. ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മിഷനായി ബിജുവിനെ നിയോഗിച്ച രേഖ അനില്‍ അക്കര പുറത്തുവിട്ടു. സിപിഎമ്മാണ് ബിജുവിനെ അന്വേഷണ കമ്മിഷനായി നിയമിച്ചതെന്നാണ് സമൂഹമാധ്യമത്തിലൂടെ അനില്‍ പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കുന്നത്.

അന്വേഷണ കമ്മിഷന്‍ അംഗമായിട്ടില്ലെന്നായിരുന്നു പി.കെ.ബിജുവിന്റെ വാദം. അനില്‍ അക്കരയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിമായിരുന്നെന്നും തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും പി.കെ. ബിജു പറഞ്ഞിരുന്നു. താന്‍ അന്വേഷണ കമ്മീഷനിലില്ല. പാര്‍ട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും ബിജു പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആരോപണം രാഷ്ട്രീമായും നിയമപരമായും നേരിടുമെന്നും ബിജു പറഞ്ഞു. ഇതിനെതിരെയാണ് അനില്‍ അക്കര രേഖകള്‍ പുറത്തുവിട്ടത്. പാര്‍ട്ടി ഓഫീസിലിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ അരിയങ്ങാടിയില്‍ പോലും കിട്ടുമെന്നും അനില്‍ അക്കര പരിഹസിച്ചു.

പി.കെ.ബിജുവിന്റെ നേതൃത്വത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ കേസിലെ ഒന്നാം പ്രതി പി.സതീഷ്‌കുമാറിനെക്കുറിച്ചു പരാമര്‍ശമില്ലാത്തു തട്ടിപ്പു കേസിലെ സിപിഎം ബന്ധം വ്യക്തമാക്കുന്നതാണെന്നും സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു.