കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ആറ് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

Jaihind Webdesk
Thursday, August 5, 2021

 

തൃശൂർ : സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ നാടുവിട്ടു പോയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരണം. അതേസമയം ബാങ്കിലെ രേഖകളിൽ അന്വേഷണ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്.

ഒന്നാം പ്രതി ബാങ്കിന്‍റെ മുൻ സെക്രട്ടറി ടി.ആർ സുനിൽ കുമാർ, രണ്ടാം പ്രതിയായ മുൻ മാനേജർ ബിജു കരീം, മൂന്നാം പ്രതി മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസ്, നാലാം പ്രതി ഇടനിലക്കാരൻ കിരൺ, അഞ്ചാം പ്രതി കമ്മീഷൻ ഏജന്‍റ് എ.കെ ബിജോയ്
ആറാം പ്രതി ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്‍റായിരുന്ന റെജി എം അനിൽ എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. പ്രതികൾ രാജ്യം വിട്ടേക്കുമെന്ന സൂചന ശക്തമായിരിക്കെയാണ് നടപടി.

പ്രതികൾ വിമാനയാത്രയ്ക്ക് ശ്രമിച്ചാൽ വിമാനത്താവളത്തിൽ തടയാൻ ഇമിഗ്രേഷൻ വകുപ്പിനും ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഇടനിലക്കാരൻ കിരൺ നേരത്തെ തന്നെ വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വാഭാവികമായ താമസം ഉണ്ടാകുമെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം ബാങ്കിലെ രേഖകൾ പരിശോധിക്കുന്നത് തുടരുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണം. ഇത് ശ്രമകരമെന്നും സമയമെടുക്കുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. പ്രതികളുടെ വീടുകളിൽ നിന്ന് കണ്ടെടുത്ത ലാപ് ടോപ് കമ്പ്യൂട്ടർ ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

അതേസമയം കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അവ്യക്തതയുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. നാല് പ്രതികൾ പിടിയിലായെന്ന് വിവരം പുറത്തുവന്നെങ്കിലും ക്രൈം ബ്രാഞ്ച് ഇക്കാര്യം നിഷേധിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും ക്രൈം ബ്രാഞ്ച് തയാറായില്ല. ഇത് ചൂണ്ടിക്കാണിക്കപ്പെട്ടതിന് പിന്നാലെയാണിപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് എന്നതും ശ്രദ്ധേയമാണ്. മുഖ്യ പ്രതികളുടെ സിപിഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണമെന്ന ആരോപണവുമായി കോൺഗ്രസ് ജില്ലയിൽ സമര രംഗത്താണ്.

കരുവന്നൂർ ബാങ്കിൽ സഹകരണ നിയമപ്രകാരം 65 അന്വേഷണം നടന്നുവെന്നും 68 പ്രകാരം നടപടികൾ തുടങ്ങിയെന്നും മന്ത്രി വി എൻ വാസവൻ നിയമസഭയിൽ പറഞ്ഞു. കരുവന്നൂർ ക്രമക്കേടിന് ശേഷം സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതായും പണം വ്യാപകമായി പിൻവലിക്കപ്പെടുന്നതായും കെ ബാബു എംഎൽഎ ചൂണ്ടിക്കാട്ടി.