‘കരുവന്നൂർ തട്ടിപ്പിന്‍റെ മുഴുവൻ ഉത്തരവാദിത്തവും ഭരണസമിതിക്ക്’ ; സിപിഎമ്മിനെ വെട്ടിലാക്കി മുഖ്യപ്രതിയുടെ മൊഴി

Jaihind Webdesk
Wednesday, August 11, 2021

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം ഭരണസമിതിയെ വെട്ടിലാക്കി മുഖ്യപ്രതി സുനിൽ കുമാറിന്‍റെ മൊഴി. വായ്പാ തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവും ഭരണസമിതിക്കാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുനിൽകുമാർ. ബാങ്കിൽ നടന്ന വായ്പാ ക്രമക്കേടുകളെല്ലാം ഭരണസമിതിയുടെ നിർദേശമനുസരിച്ചാണെന്ന് സുനിൽ കുമാർ അന്വേഷണ സംഘത്തെ അറിയിച്ചു. ജീവനക്കാരെ ബലിയാടാക്കി ഭരണസമിതി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. വായ്പ അനുവദിക്കണമെങ്കിൽ ഭരണസമിതി തീരുമാനം വേണം. രേഖകളിൽ പ്രസിഡന്‍റിന്‍റെ ഒപ്പുണ്ട്. ബന്ധപ്പെട്ട ഡയറക്ടർമാരും സാക്ഷ്യപ്പെടുത്തിയിട്ടു ണെന്നും സുനിൽ കുമാർ വിശദീകരിക്കുന്നു.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഭരണ സമിതി അംഗങ്ങൾക്കെതിരെ വഞ്ചന കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാൻ സാധ്യതയേറി. തട്ടിപ്പ് നടന്നതായി കണ്ടെത്തിയ രേഖകൾ വിശദമായി പരിശോധിച്ചപ്പോഴും ഭരണസമിതി അംഗങ്ങളുടെ ഇടപെടൽ ക്രൈംബ്രാഞ്ചിന് വ്യക്തമായിരുന്നു. അതേസമയം കേസിൽ ബാങ്ക് ഭരണ സമിതിയിലെ ആരെയും ഇതുവരെ പ്രതിചേർത്തിട്ടില്ല. ഇവർ അന്വേഷണ പരിധിയിൽ വരുന്നത് ഒഴിവാക്കാൻ ശക്തമായ സമ്മർദ്ദം ക്രൈംബ്രാഞ്ചിന് മേലുണ്ട്. ഭരണസമിതിയിലേക്ക് അന്വേഷണം എത്തിയാൽ സിപിഎം ജില്ലാ നേതാക്കളും കുടുങ്ങുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സിപിഎം നേതാക്കളെ രക്ഷപ്പെടാൻ അനുവദിക്കുന്നതിനെതിരെ നിക്ഷേപകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.