കരുവന്നൂർ തട്ടിപ്പ് : സിപിഎം നേതാക്കളായ മുൻ ഭരണസമിതി അംഗങ്ങള്‍ അറസ്റ്റില്‍

Jaihind Webdesk
Monday, September 13, 2021

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നാല് മുൻ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സിപിഎം നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ.ദിവാകരൻ അടക്കമുള്ളവരാണ് അറസ്റ്റിലായത്. ബാങ്ക് മുൻ പ്രസിഡന്‍റ്  കെ.കെ.ദിവാകരൻ, ഭരണ സമിതി അംഗങ്ങളായിരുന്ന ടി.എസ് ബൈജു, വി.കെ. ലളിതൻ, ജോസ് ചക്രംപിള്ളി എന്നിവരാണ് അറസ്റ്റിലായത്. കേസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.

ബാങ്കിലെ മുൻ ജീവനക്കാരാണ് മറ്റ് പ്രതികൾ. പ്രതി പട്ടികയിൽ ഉള്ള കിരൺ ഇപ്പോഴും ഒളിവിലാണ്. 13 അംഗ ഭരണസമിതി അംഗങ്ങളിൽ മറ്റ് ഒൻപത് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. സി പി എം പ്രാദേശിക നേതാക്കളായ മുൻ ഭരണ സമിതി അംഗങ്ങളുടെ അറസ്റ്റ് ഒഴിവാക്കാൻ ക്രൈം ബ്രാഞ്ചിന് മേൽ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. തട്ടിപ്പിന്റെ ഉത്തരവാദിത്തം ജീവനക്കാരിലേക്ക് കേന്ദ്രീകരിക്കാനാണ് ഭരണ സമിതിയിലുണ്ടായിരുന്നവർ നീക്കം നടത്തിയിരുന്നത്.

എന്നാൽ വായ്പ തട്ടിപ്പുകൾക്ക് കുടപിടിച്ചത് ഭരണ സമിതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. നേരത്തെ അറസ്റ്റിലായ ജീവനക്കാരും ഭരണ സമിതിയുടെ പങ്കിനെ കുറിച്ച് മൊഴി നൽകി. സിപിഎം നേതാക്കളെ സംരക്ഷിക്കുന്നതിൽ പ്രദേശത്ത് ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. എന്തായാലും ഭരണ സമിതി അംഗങ്ങളുടെ അറസ്റ്റിലേക്ക് എത്തിയതോടെ സിപിഎം ജില്ലാ നേതൃ നിരയിലെ ചിലരുടെ പങ്ക് കൂടി പുറത്ത് വരുമെന്നാണ് സൂചന.