തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഇന്ന് ഇഡിക്ക് മുന്നില് ഹാജരാകില്ല. ഇക്കാര്യം ഇ.ഡിയെ അറിയിച്ചു. ഏഴിന് ശേഷം ഹാജരാകാൻ സാവകാശം നൽകണമെന്ന വർഗീസിന്റെ അപേക്ഷ ഇഡി അനുവദിച്ചു.
നേരത്തെ രണ്ടു തവണ എം.എം. വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നവംബർ 24-നും ഡിസംബർ ഒന്നിനുമാണ് വർഗീസിനെ ചോദ്യം ചെയ്തത്. അവധി അപേക്ഷ നിരസിച്ച് കർശന നിർദേശം നൽകിയപ്പോഴായിരുന്നു രണ്ട് തവണയും അദ്ദേഹം ഹാജരായത്. ചോദ്യങ്ങളിൽ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ലെന്നും ആവശ്യപ്പെട്ട രേഖകൾ പൂർണ്ണമായി നൽകിയിട്ടില്ലെന്നും അക്കൗണ്ട് വിവരങ്ങൾ പൂർണ്ണമല്ലെന്നും അറിയിച്ചാണ് മൂന്നാം തവണ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാനുള്ള ഇഡിയുടെ നിർദേശം.
ജില്ലയിൽ നവകേരള സദസ് നടക്കുന്ന ഡിസംബർ 7 വരെയാണ് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അവധി ചോദിച്ചത്. നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടായിരിക്കെ പാർട്ടി ജില്ലാ സെക്രട്ടറി ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഇരിക്കേണ്ടി വരുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബർ 7 ന് ശേഷം ഹാജരാകാമെന്ന് കാട്ടി അപേക്ഷ നല്കിയത്. ഏഴിന് ശേഷമുള്ള ദിവസം പിന്നീട് ഇഡി അറിയിക്കും.
കരുവന്നൂർ വ്യാജ ലോണുകളിൽ കമ്മീഷൻ വാങ്ങുന്നതിനായി പാർട്ടിക്ക് രഹസ്യ അക്കൗണ്ടുകളുണ്ടായിരുന്നുവെന്നും വായ്പകൾ അനുവദിക്കുന്നതിനായി പാർട്ടി സബ് കമ്മിറ്റി പ്രവർത്തിച്ചിരുന്നുവെന്നതുമടക്കം മുൻ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജില്ല സെക്രട്ടറിയിലേക്ക് അന്വേഷണമെത്തിയത്. രണ്ട് അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നുവെന്നും ക്രമക്കേട് ആരോപണമുയർന്നതോടെ അക്കൗണ്ടുകളിലെ പണമെല്ലാം പിൻവലിച്ച് കാലിയാക്കിയെന്നുമാണ് ഇഡി പറയുന്നത്.