കരുവന്നൂരില്‍ കുടുങ്ങി സിപിഎം ; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് ; 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ്

Jaihind Webdesk
Wednesday, July 21, 2021

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ട് ഡിജിപി ഉത്തരവിറക്കി . 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. അതേസമയം കേസിൽ വിജിലൻസ് അന്വേഷണവും വന്നേക്കും.

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാവുകയാണ്. വായ്പക്ക് അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലാത്ത 5 പേർക്ക് 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. 16 പേർക്ക് അപേക്ഷ മാത്രം പരിഗണിച്ച് ഈടോ ബോണ്ടോ ഉൾപ്പെടെ ഒരു രേഖയും ഇല്ലാതെ 50 ലക്ഷം വീതം നൽകി. ഇവരുടെയെല്ലാം പേരിൽ പാസായ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്ത് നൽകിയത്. മുൻ മാനേജർ ബിജു, അക്കൗണ്ടന്റ് ജിൽസ് എന്നിവർ വഴി 52 കോടി രൂപയാണ് പലരുടെ പേരിൽ വായ്പയായി നൽകിയത്. ജിൽസിന്റെ പേരിൽ ബാങ്കിൽ 3 അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. തട്ടിപ്പിലൂടെ സ്വരൂപിച്ച പണത്തിലേറെയും പോയത് ഈ അക്കൗണ്ടുകളിലേക്കായിരുന്നുവെന്നും കണ്ടെത്തി.

മുൻ മാനേജർ ബിജു മുൻകൈ എടുത്ത് 379 വായ്പകൾ പാസാക്കിയെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം ബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വം കൂടുതൽ പ്രതിരോധത്തിലായി. പാർട്ടിക്ക് വിവരം കിട്ടിയ ശേഷവും 100 കോടിയിലേറെ വായ്പ എടുത്തതായാണ് സൂചന. ജില്ലാ സെകട്ടേറിയറ്റിൽ ഉണ്ടായിരുന്നവർ തന്നെയാണ് ബാങ്കിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. നേതൃത്വം കൂടി പ്രതിക്കൂട്ടിൽ നിൽക്കെ ഒഴിഞ്ഞുമാറുക ഇനി എളുപ്പമാകില്ല.