കരൂര്‍, തമിഴ്‌നാട്: തമിഴക വെട്രി കഴകം (TVK) നേതാവ് വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൈദ്യുതി തടസ്സവും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 41 ആയി. 60-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വിവാദമായ കത്ത് പോലീസ് പുറത്തു വിട്ടു. പൊതുസുരക്ഷ ചൂണ്ടിക്കാട്ടി താത്കാലികമായി വൈദ്യുതി വിച്ഛേദിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെടുന്ന കാത്താണ് പുറത്തുവന്നത് . ഇതോടെ സംഭവം കൂടുതല്‍ സങ്കീര്‍ണ്ണമായി .
സംഘാടകരായ TVK വൈദ്യുതി വിച്ഛേദിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് തമിഴ് നാട് വൈദ്യുതി ബോര്‍ഡും സ്ഥിരീകരിക്കുന്നു. എന്നാല്‍ ഈ ആവശ്യം നിഷേധിച്ചതായി അറിയിച്ചു. വിജയ് സംസാരിക്കുന്ന സമയത്ത് മാത്രം വൈദ്യുതി ഓഫ് ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. ‘വെളിച്ചമിഴപുരം ഒരു തിരക്കേറിയ സ്ഥലമായതിനാല്‍ വലിയ ജനക്കൂട്ടം എത്തിച്ചേരും. പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച്, നേതാവ് സംസാരിക്കുന്ന പ്രത്യേക സമയത്ത് മാത്രം വൈദ്യുതി ഓഫ് ചെയ്യാന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു,’ കത്തില്‍ പറയുന്നു.
റാലി നടന്ന സ്ഥലത്ത് വൈദ്യുതി മുടങ്ങിയിട്ടില്ലെന്ന് ജില്ലാ കളക്ടറും എഡിജിപിയും അവകാശപ്പെട്ടു. റാലി സ്ഥലത്ത് വിജയ് എത്തിയപ്പോള്‍ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടു എന്ന TVK യുടെ വാദത്തിന് വിരുദ്ധമാണിത്. പരിപാടി നടന്ന സ്ഥലത്ത് വൈദ്യുതി മുടങ്ങിയിട്ടില്ല. TVK പാര്‍ട്ടി വൈദ്യുതി വിതരണം തടസ്സപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും, അങ്ങനെയൊരു വൈദ്യുതി മുടക്കം ഉണ്ടായില്ല. ഏതാനും ലൈറ്റുകള്‍ക്ക് നേരിയ മങ്ങലുണ്ടായത് സംഘാടകരുടെ ക്രമീകരണങ്ങളിലെ ജനറേറ്റര്‍ തകരാറ് കാരണം മൂലമാണെന്നാണ് ഔദ്യോഗിക വിശദീകരണം.