തമിഴ്‌നാട്ടിലെ കരൂരില്‍ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഒട്ടേറെ മരണം. മുപ്പതോളം പേര്‍ ദാരുണമായി കൊല്ലപ്പെട്ടതായാണ് ആദ്യ വിവരങ്ങള്‍. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് വിജയ് പൊതുയോഗം നടത്തിയെന്നു തെളിയിക്കുന്നതാണ് കരൂരിലെ ദൃശ്യങ്ങള്‍. പന്ത്രണ്ടോളം പേർക്ക് ഗുരുതരമായി പരിക്കേററു. നൂറിലേറെ പേര്‍ വിവിധ പരിക്കുകളോടെ ആശുപത്രിയിലുണ്ട്. മരണസംഖ്യയില്‍ ഇനിയും മാറ്റം വന്നേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തമിഴക വെട്രി കഴകം (TVK)തലവന്‍ കൂടിയായ വിജയ് പങ്കെടുത്ത റാലിയില്‍ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
നിയന്ത്രണാതീതമായി ജനക്കൂട്ടം സ്റ്റേജിന് നേര്‍ക്ക് നീങ്ങിയതോടെ സ്ഥിതിഗതികള്‍ വഷളായി. തുടര്‍ന്ന് വിജയ്ക്ക് തന്റെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഈ സമയത്ത്, ഒരു കുട്ടിയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജനക്കൂട്ടത്തില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ വിജയ് പോലീസിനോട് ആവശ്യപ്പെട്ടു. തിരക്കിനിടെ ഒട്ടേറെ പേര്‍ കുഴഞ്ഞുവീഴുകയും വൈദ്യസഹായത്തിനായി കൊണ്ടുപോകുകയും ചെയ്തതോടെ ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. കുഴഞ്ഞുവീണവരില്‍ TVK പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നു.
സംഭവത്തില്‍ TVK ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ആള്‍ക്കൂട്ടം വര്‍ധിച്ചതോടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും തിക്കിലും തിരക്കിലും പെട്ട് ബോധരഹിതരായി. തുടര്‍ന്ന് വിജയ് തന്റെ പ്രസംഗം നിര്‍ത്തി, ശാന്തരാകാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണുണ്ടായത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഈ റാലി.
സംഭവത്തിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. കരൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ‘ആശങ്കാജനകമാണ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അടിയന്തര വൈദ്യസഹായം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സെന്തില്‍ ബാലാജി, ആരോഗ്യ മന്ത്രി സുബ്രഹ്‌മണ്യന്‍, ജില്ലാ കളക്ടര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചതായും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. സമീപത്തുള്ള തിരുച്ചിറപ്പള്ളിയില്‍ നിന്ന് സഹായം നല്‍കാന്‍ മന്ത്രി അന്‍ബില്‍ മഹേഷിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ടീമുകളോടും പോലീസിനോടും സഹകരിക്കാന്‍ മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കരൂരില്‍ വിജയ് പ്രസംഗിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പ്രസംഗത്തില്‍, മുന്‍ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ വിജയ് പരോക്ഷമായി പരിഹസിച്ചു. പേരെടുത്ത് പറയാതെ, കരൂരില്‍ ഒരു വിമാനത്താവളം സ്ഥാപിക്കുമെന്ന് ആദ്യം വാഗ്ദാനം ചെയ്ത ഡിഎംകെ, പിന്നീട് സൗകര്യം ഒരുക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതിനെ വിജയ് വിമര്‍ശിച്ചു.