കേരളത്തില്‍ നിന്നുളളവരെ കടത്തിവിടാതെ കർണാടക; ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവരെയും അതിർത്തിയിൽ തടഞ്ഞു

Jaihind Webdesk
Saturday, August 7, 2021

 

കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കുടകിലേക്ക് പ്രവേശിപ്പിക്കാതെ കർണാടക. കേരള-കർണാടക അതിർത്തിയായ മാക്കൂട്ടം  കുടക് അതിർത്തിയിൽ കർണാടക അധികൃതർ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്നില്ല. ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവരെയും കർണാടക പൊലീസ് അതിർത്തിയിൽ തടഞ്ഞു. കൊവിഡ് മൂന്നാം തരംഗവും കേരളത്തിലെ രോഗവ്യാപനവും കണക്കിലെടുത്താണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അതിർത്തിയിലെ നിയന്ത്രണം കടുപ്പിച്ചത്.

കേരള-കർണാടക അതിർത്തിയായ മാക്കൂട്ടം കുടക് പ്രദേശത്ത് ഏർപ്പെടുത്തിട്ടുള്ള നിയന്ത്രണങ്ങളിൽ കേരളം ഇളവുകൾ തേടുന്നതിനിടെയാണ് കർണാടക കൂടുതൽ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത് . രാവിലെ മുതൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ മാക്കൂട്ടത്ത് നിന്ന് കർണാടകത്തിലേക്ക് കടത്തിവിടുന്നില്ല. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരള അതിർത്തിയിലെ കൊഡഗ് ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചിരിക്കുകയാണ് കർണാടക സർക്കാർ. രാവിലെ മുതൽ ബംഗളുരുവിലേക്കും മറ്റും പോകാനായി ഇറങ്ങിയ നിരവധി യാത്രക്കാരാണ് അതിർത്തിയിൽ കുടുങ്ങിയത്. കർണാടക പ്രവേശനത്തിനായി ആർടിപിസിആർ നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റുമായി എത്തിയ യാത്രക്കാരെ ഉൾപ്പെടെ കർണാടക ഉദ്യോഗസ്ഥർ അതിർത്തിയിൽ തടഞ്ഞു.

വെല്ലുരിലേക്ക് ചികിത്സയ്ക്ക് രോഗിയുമായി പോവുകയായിരുന്ന വാഹനവും അതിർത്തിയിൽ തടഞ്ഞു. തുടർന്ന് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് കൊഡഗ് ജില്ാല ഭരണകൂടവുമായി സംസാരിച്ചതിനെ തുടർന്നാണ് രോഗിയുമായുള്ള വാഹനം കടത്തിവിട്ടത്. അതിർത്തി ജില്ലയിൽ ശനിയും, ഞായറും ലോക്ക്ഡൗൺ ആയതിനാൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കടത്തിവിടാനാവില്ലെന്ന കടുത്ത നിലപാടിലാണ് കർണാടക പൊലീസ്. കാല്‍നടയായും മോട്ടോർസൈക്കിളിലും മറ്റും കടന്നുകയറുന്നത് തടയാന്‍ അതിർത്തിയിലെ വഴികള്‍ മണ്ണിട്ട് മൂടുകയും കുഴികള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.