കന്നഡമണ്ണിലെ കേരള താരങ്ങള്‍; കോണ്‍ഗ്രസ് കുതിപ്പിന് പിന്നിലെ കഠിനാധ്വാനം

Jaihind Webdesk
Saturday, May 13, 2023

 

ബംഗളുരു: തലയെടുപ്പോടെ കോൺഗ്രസ് കർണാടകയിൽ വിജയക്കൊടി പാറിക്കുമ്പോൾ താരങ്ങളായി കേരളത്തില്‍ നിന്നുള്ള നേതാക്കൾ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പ്രവർത്തനങ്ങൾ അണുവിട തെറ്റാതെ ഏകോപിപ്പിച്ചപ്പോൾ കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ റോജി എം ജോൺ, പി.സി വിഷ്ണുനാഥ് എന്നിവർ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജസ്വലമായ നേതൃത്വം നൽകി. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളും താരപ്രചാരകരായി എത്തി കർണാടകയുടെ മനം കവർന്നു. ബിജെപി നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയ ധ്രുവീകരണവും ജനങ്ങളെ ബോധ്യപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസിന്‍റെ ശക്തമായ പ്രചാരണം.

രാജ്യം ഉറ്റുനോക്കിയ അതിശക്തമായ വിധിയെഴുത്തിന് വേണ്ടി കരുത്താർജിക്കാന്‍ കോൺഗ്രസിനെ ഒരുക്കിയതിൽ കെ.സി വേണുഗോപാലിന്‍റെ പങ്ക് എടുത്തുപറയേണ്ടതാണ്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിലും കർണാടകയുടെ ചുമതലയുള്ള മുൻ ജനറൽ സെക്രട്ടറി എന്ന നിലയിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കെ.സി വേണുഗോപാൽ കൃത്യമായി ഏകോപിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നല്‍കുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് ഓരോ നീക്കങ്ങളും ജാഗ്രതയോടെ നടത്തുന്ന സംഘമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കെ.സി വേണുഗോപാലിനൊപ്പം കര്‍ണാടകത്തിന്‍റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല, പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ , പ്രചാരണ സമിതി അധ്യക്ഷന്‍ എം.ബി പാട്ടീല്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് തന്ത്രങ്ങളൊരുക്കാനും പ്രചാരണ പ്രവർത്തനങ്ങള്‍ക്കും പിന്നണിയിലും മുന്നണിയിലും മാസങ്ങളായി കഠിനാധ്വാനം ചെയ്തത്.

2018 ൽ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി കോൺഗ്രസിന് തുടർഭരണം നേടാൻ കളമൊരുക്കിയത് അന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ ചടുലമായ നീക്കങ്ങളായിരുന്നു. പാർട്ടിയെ താഴേത്തട്ടിൽ ഉയർത്തെഴുന്നേല്‍പ്പിക്കാന്‍ കെ.സിക്ക് കഴിഞ്ഞു.  സംസ്ഥാനത്ത് നേതാക്കളെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനും കെ.സി എന്ന പരിചയസമ്പന്നമായ നേതാവിന് കഴിഞ്ഞു. ഈ അനുഭവ സമ്പത്ത് അദ്ദേഹത്തിന് നേതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍, സമവാക്യങ്ങള്‍ എന്നിവയെ കുറിച്ച് വേഗത്തില്‍ മനസിലാക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും സഹായകമായി. സംസ്ഥാനത്തിന്‍റെ ചുമതല വഹിച്ചിരുന്നപ്പോള്‍ കര്‍ണാടകത്തിലെ മുക്കിലും മൂലയിലും സഞ്ചരിച്ച് നേതാക്കളും പ്രവര്‍ത്തകരുമായി ഉണ്ടാക്കിയെടുത്ത ബന്ധം ഇതില്‍ അദ്ദേഹത്തിന് മുതല്‍കൂട്ടായി. പ്രശ്‌ന ബാധിതമാകുമെന്ന് കരുതിയിരുന്ന സീറ്റ് വിഭജനം പോലും അനായാസമായി പൂര്‍ത്തിയാക്കാന്‍ ഈ അനുഭവ സമ്പത്ത് സഹായകമായി. കാര്യക്ഷമമായ ഇടപെടലുകളിലൂടെ സംസ്ഥാന നേതൃത്വത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കാനായത് ഏറെ നിർണായകമായി.  പാർട്ടിക്കകത്തെ പ്രശ്നങ്ങളുടെ മഞ്ഞുരുക്കി ഐക്യാന്തരീക്ഷം രൂപപ്പെടുത്തി വിജയം എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് പാർട്ടിയെയും നേതാക്കളെയും നയിക്കാന്‍ കെ.സി വേണുഗോപാലിന് കഴിഞ്ഞു. സംസ്ഥാന നേതൃത്വത്തെ സജീവമാക്കി നിര്‍ത്താനായി എണ്ണമറ്റ യോഗങ്ങളിലാണ് അദ്ദേഹം സംസ്ഥാനത്ത് പങ്കെടുത്തത്. മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുകയും സമുദായ സംഘടനകളുമായി നേതൃത്വം നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും മഠാധിപതികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഇത്തരത്തില്‍ ചിട്ടയോടെയും ദീർഘവീക്ഷണത്തോടെയുമുള്ള പ്രവർത്തനത്തിന്‍റെ  ഫലം കന്നഡ മണ്ണില്‍ നൂറുമേനിയായി ലഭിക്കുകയും ചെയ്തു. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ പൂർണ്ണമനസോടെ ഏറ്റെടുത്ത് അത് അര്‍പ്പണബോധത്തോടെ നടപ്പാക്കാന്‍  തുനിഞ്ഞിറങ്ങിയ കെ.സിയെ സംബന്ധിച്ചിടത്തോളം കർണാടക വിജയം കൃത്യമായ ആസൂത്രണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും പ്രതിഫലം കൂടിയാണ്.

കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാർ എന്ന നിലയിൽ തങ്ങളെ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിർവഹിച്ച നേതാക്കളാണ് എംഎല്‍എമാരായ പി.സി വിഷ്ണുനാഥും റോജി എം ജോണും. കഴിഞ്ഞ ഏഴ് മാസക്കാലമായി കർണാടകയിലെ സജീവ സാന്നിധ്യമാണ് ഈ നേതാക്കള്‍. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏറെ പ്രശംസിക്കപ്പെട്ട ചിട്ടയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിന് പിന്നിൽ ഈ മലയാളി സാന്നിധ്യങ്ങളുടെ പങ്ക് ചെറുതല്ല. യുവത്വത്തിന്‍റെ ഊർജ്ജസ്വലതയോടെ ചിട്ടയായ, വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളോടെ ഇവർ തങ്ങളുടെ കർത്തവ്യം പ്രശംസനീയമായി നിറവേറ്റിയപ്പോള്‍ കോണ്‍ഗ്രസിന് ഉണ്ടായത് വന്‍ നേട്ടം.

പി.സി വിഷ്ണുനാഥിന് ചുമതലയുണ്ടായിരുന്ന മുംബൈ കർണാടക മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇത്തവണ കോണ്‍ഗ്രസ് നടത്തിയത്. 40 സീറ്റുകളിൽ വെറും 12 സീറ്റുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 26 സീറ്റുകളാണ് കോൺഗ്രസ് പിടിച്ചെടുത്തത്. 14 സീറ്റുകളുടെ  വർധനവ് എന്നത് പി.സി വിഷ്ണുനാഥിന്‍റെ പ്രതിബദ്ധതയുടെയും കഠിനാധ്വാനത്തിന്‍റെയും കൂടി ഫലമാണെന്ന് നിസംശയം പറയാനാകും. താഴേത്തട്ട് മുതല്‍ പ്രവർത്തനങ്ങളെ നിരന്തരം ഏകോപിപ്പിച്ചും കോണ്‍ഗ്രസിന്‍റെ ശക്തി വിളിച്ചറിയിച്ച റാലികളുടെ ഉത്തരവാദിത്തങ്ങള്‍ യാതൊരു വീഴ്ചകളും കൂടാതെ നിറവേറ്റിയും പി.സി വിഷ്ണുനാഥ് കളം നിറഞ്ഞു.

മൈസൂർ ഡിവിഷനില്‍ പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയാക്കിയത് റോജി എം ജോണാണ്.  ഇവിടെ 27 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കേവലം 7 സീറ്റുകള്‍ ഉണ്ടായിരുന്നിടത്തു നിന്നാണ് 27 ലേക്കുള്ള കുതിച്ചുചാട്ടം. നൂറു ശതമാനം അർപ്പണമനോഭാവത്തോടെ മേഖലയില്‍ ഓടിനടന്ന് പ്രവർത്തനങ്ങള്‍ ഏകോപിക്കാന്‍ റോജിക്ക് കഴിഞ്ഞു. പൊതുയോഗങ്ങളിലും പാർട്ടി യോഗങ്ങളിലും പ്രസംഗിച്ച് പ്രവർത്തകരുടെയും ജനങ്ങളുടെയും ആവേശം കൂട്ടാനും അദ്ദേഹം  നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണ്. കോണ്‍ഗ്രസ് ദുർബലമായിരുന്ന മേഖലകളില്‍ പോലും വന്‍ നേട്ടമുണ്ടാക്കി 7 ല്‍ നിന്ന് 27 സീറ്റുകളിലേക്ക് കുതിച്ചതിന് പിന്നില്‍ ഈ മലയാളി നേതാവിന്‍റെ കഠിനാധ്വാനമുണ്ട്.

കർണാടകയില്‍ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുമ്പോൾ സജീവ ചർച്ചയാകുന്നത് കേരളത്തില്‍ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ മികവാർന്ന പ്രവർത്തനങ്ങള്‍ കൂടിയാണ്. പ്രചാരണ റാലികളിലും, കുടുംബയോഗങ്ങളിലും, സജീവമായി പങ്കെടുത്തതിനൊപ്പം സ്ഥാനാർത്ഥികൾക്കൊപ്പവും അല്ലാതെയും മലയാളി വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനും കേരള നേതാക്കൾ ഉണ്ടായിരുന്നു. താര പ്രചാരകൻ എന്ന നിലയിൽ രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെല്ലാം പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എംപിമാരായ ബെന്നി ബെഹന്നാൻ, അടൂർ പ്രകാശ്, രമ്യ ഹരിദാസ്, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്‍റോ ആന്‍റണി, എന്നിവരും കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കന്നട മണ്ണിലെ മലയാളി നേതാക്കളായ മുൻ ആഭ്യന്തര മന്ത്രി കെ.ജെ ജോർജ് സർവജ്ഞനഗറിലും, എൻ.എ ഹാരിസ് ശാന്തിനഗറിലും, യു.ടി ഖാദർ മംഗളുരു സിറ്റി നോർത്തിലും നേടിയ വിജയവും കേരളത്തിന് അഭിമാനമായി മാറി. കർണ്ണാടകയിലെ നഗര മേഖലയിലെ മലയാളി സ്വാധീനമണ്ഡലങ്ങളിൽ കേരളാ നേതാക്കളുടെ പ്രചാരണം ഗുണം ചെയ്തു എന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കർണാടകയിലെ വിധാൻ സൗധയിലേക്ക് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പങ്ക് വിസ്മരിക്കാനാകില്ല.