
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘വോട്ട് കൊള്ള’ ആരോപണത്തില്‍ കര്‍ണാടകയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പശ്ചിമ ബംഗാള്‍ നാഡിയ സ്വദേശി ബാപി ആദ്യയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2023-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കലബുറഗി ജില്ലയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടുകള്‍ നീക്കം ചെയ്തെന്ന കേസിലാണ് നടപടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബി.ആര്. പാട്ടീല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി. അന്വേഷണം ആരംഭിച്ചത്. ഒരു ബി.ജെ.പി. നേതാവിന്റെ ആവശ്യപ്രകാരം, വോട്ടര്‍പട്ടികയില്‍ നിന്ന് ആളുകളുടെ പേര് നീക്കം ചെയ്യുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബാപി ആദ്യ ഏര്‍പ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.
മൊബൈല്‍ റിപ്പയറിങ് കട നടത്തുന്ന പ്രതി, വ്യാജ വോട്ടര്‍ ഐ.ഡി. കാര്‍ഡുകളും ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് നിയമവിരുദ്ധമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ കയറി. വോട്ട് നീക്കം ചെയ്യുന്ന ഓരോ സേവനത്തിനും ലഭിക്കുന്ന ഒ.ടി.പി ഒരു പ്രത്യേക വെബ്സൈറ്റ് വഴി ബി.ജെ.പി. നേതാവിന്റെ ഡാറ്റാ സെന്ററിലേക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ രീതി. ഓരോ വോട്ടും നീക്കം ചെയ്യുന്നതിന് 700 രൂപ വീതം ഇയാള്‍ ഈടാക്കിയിരുന്നു. ബാപി ആദ്യയുടെ അക്കൗണ്ടിലേക്ക് നിരന്തരമായി 700 രൂപയുടെ ഇടപാടുകള്‍ നടന്നതിന്റെ രേഖകള്‍ കണ്ടെത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് പ്രതി ഒ.ടി.പി. സ്വീകരിച്ചതും വോട്ടുകള്‍ വെട്ടിമാറ്റിയതും. ഇത്തരത്തില്‍ ആലന്ദ് മണ്ഡലത്തില്‍ മാത്രം 3000-ത്തിലധികം വോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നാണ് പരാതി. പ്രതിക്ക് ഈ കുറ്റകൃത്യങ്ങളില്‍ മറ്റേതെങ്കിലും സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും എസ്.ഐ.ടി. പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.