കേരളത്തിന് കര്‍ണാടകത്തിന്‍റെ ‘അതിര്‍ത്തി പരീക്ഷ’; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍, ലംഘിച്ചാല്‍ നിയമ നടപടി

Jaihind Webdesk
Thursday, July 1, 2021

ബംഗളുരു : കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. സംസ്ഥാനത്തു നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടൊപ്പം അതിര്‍ത്തിയിലെ പരിശോധനയും കര്‍ശനമാക്കി. വിമാനം, ബസ്, ട്രെയിന്‍, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതണം.

അതിര്‍ത്തിയില്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ പ്രവേശിക്കുന്ന എല്ലാവരേയും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണിത്. ആവശ്യമായ ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റുകളില്‍ വിന്യസിക്കാന്‍ കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ കര്‍ണാടകത്തിലേക്കുള്ള യാത്രകള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.  72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന സര്‍ട്ടിഫിറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് മാത്രമേ വിമാനക്കമ്പനികള്‍ ബോര്‍ഡിംഗ് പാസുകള്‍ നല്‍കാവൂ എന്നും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ട്രെയിനിലും ബസിലും യാത്ര ചെയ്യുന്നവര്‍ക്കും ഇനി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

വിദ്യാഭ്യാസം, ബിസിനസ്, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി കര്‍ണാടക സന്ദര്‍ശിക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വെക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ണാടക പകര്‍ച്ചവ്യാധി രോഗ നിയമം 2020, ദുരന്ത നിവാരണ നിയമം 2005, ഐപിസിയുടെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.