കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടി: വിമതരുടെ രാജിക്കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

Jaihind Webdesk
Wednesday, July 17, 2019

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്നും സ്പീക്കറുടെ അവകാശത്തില്‍ കൈ കടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

‘സമയോചിതമായി സ്പീക്കര്‍ തീരുമാനമെടുക്കണം. പക്ഷെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ പങ്കെടുക്കണമെന്ന് സ്പീക്കര്‍ക്ക് നിര്‍ബന്ധിക്കാനാവില്ല. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുന്നത് വരെ എംഎല്‍എമാരെ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് എപ്പോള്‍ വേണം എങ്കിലും തീരുമാനം എടുക്കാം. ഇത്ര സമയത്തിനുളളില്‍ തീരുമാനം എടുക്കണമെന്ന് സ്പീക്കറോട് ഉത്തരവിടാന്‍ കഴിയില്ല,’ കോടതി വ്യക്തമാക്കി.

ഇതിനിടെ രണ്ട് വിമത എംഎല്‍എമാരെ സ്പീക്കര്‍ വിളിപ്പിച്ചിട്ടുണ്ട്. എംടിബി നാഗരാജ്, കെ സുധാകര്‍ എന്നിവരെയാണ് സ്പീക്കര്‍ വളിപ്പിച്ചത്. വൈകിട്ട് 3.30ന് സ്പീക്കറുടെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് രാജിവച്ച 15 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്നലെ പരിഗണിച്ചത്. സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുള്ളതാണ് ഹര്‍ജി. രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം സ്പീക്കര്‍ നേരത്തെ തള്ളിയിരുന്നു.